അദ്വാനി രാജി പിന്‍വലിച്ചു

Posted on: June 11, 2013 6:25 pm | Last updated: June 12, 2013 at 11:30 am
SHARE

adwani

ന്യൂഡല്‍ഹി: ഇന്നലെ പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ രാജിവെച്ച മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി രാജി പിന്‍ വലിച്ചതായി ബി ജെ പി ദേശീയ പ്രസിഡന്റ് രാജ്‌നാഥ്‌സിംഗ് അറിയിച്ചു. ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെയും ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്. ഇന്നലെ രാജി വാര്‍ത്ത വന്നത് മുതല്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ അദ്വാനിയുമായി ചര്‍ച്ചക്ക് എത്തിയിരുന്നു. അതേസമയം അദ്വാനി ഉന്നയിച്ച കാര്യങ്ങളില്‍ പാര്‍ലമെന്റ് ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് പറയുകയല്ലാതെ അതിന് പരിഹാരമൊന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രാജി പിന്‍വലിച്ചത് നരേന്ദ്രമോഡി സ്വാഗതം ചെയ്തു. പ്രവര്‍ത്തകരെ അദ്വാനി നിരാശരാക്കില്ലെന്ന് ഞാന്‍ പറഞ്ഞത് ശരിയായി എന്നും മോഡി ട്വിറ്ററില്‍ പറഞ്ഞു.

അദ്വാനിയുമായി നടത്തിയ ദീര്‍ഘമായ ചര്‍ച്ചക്കുശേഷമാണ് രാജ്‌നാഥ്‌സിംഗ് പത്രലേഖകരെ കണ്ടത്. ഇതോടെ കഴിഞ്ഞ 36 മണിക്കൂര്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്ന രാജിവാര്‍ത്തക്ക് അന്ത്യമായി.