അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തിയത് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍

Posted on: June 11, 2013 8:19 am | Last updated: June 11, 2013 at 8:19 am
SHARE

_68070698_68070697വാഷിംഗ്ടണ്‍: യു എസ് പൗരന്‍മാരുടെയും വിദേശികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കാര്യം ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞത് താനാണെന്ന് യു എസ് ചാരസംഘടനയായ സി ഐ എയുടെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്‌വാര്‍ഡ് സനോഡന്‍ വെളിപ്പെടുത്തി. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുറത്തുകൊണ്ടുവന്ന ദി ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനാണെന്ന് ചൂണ്ടിക്കാട്ടി പ്രിസം എന്ന പേരില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തുന്ന ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചും ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കിയത് താനാണെന്നും ഇതില്‍ ഖേദിക്കുന്നില്ലെന്നും ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സ്‌നോഡന്‍ വ്യക്തമാക്കി. അമേരിക്കക്ക് അകത്തും പുറത്തുമുള്ള ജനങ്ങളുടെ പ്രാഥമിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ‘നാം പറയുന്നതും ചെയ്യുന്നതുമല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ലോകത്ത് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവരങ്ങള്‍ പുറത്തുപറയാതെ മൗനിയായി നിന്നാല്‍ ഈ നീചമായ നിയമത്തെ അനുകൂലിക്കുകയോ നീതീകരിക്കാനാകാത്ത ഈ വ്യവസ്ഥക്ക് കീഴിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നോ ആണ് അര്‍ഥം. ചെയ്തത് തെറ്റാണെന്ന് തോന്നുന്നേയില്ല.’ സ്‌നോഡന്‍ പറഞ്ഞു. 29കാരനായ സ്‌നോഡന്‍ തെക്കന്‍ ചൈനയിലെ ഹോംഗ്‌കോംഗില്‍വെച്ചാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. വിവരങ്ങള്‍ പുറത്തുവിട്ടത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നും സ്‌നോഡനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദേശീയ സുരക്ഷാ ഏജന്‍സിയുടെ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ ക്രിമിനല്‍ പ്രവൃത്തികള്‍ പുറത്തുകൊണ്ടുവരുന്നത് തെറ്റാണെന്ന് പറയുന്നത് കാപട്യമാണെന്ന് സ്‌നോഡന്‍ പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിടാന്‍ ഭയന്നത് കൊണ്ടാണ് താന്‍ ഹോംഗ്‌കോംഗിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് സര്‍ക്കാറിനെയും സുരക്ഷാ സംവിധാനത്തെയും ഏറെ പ്രകോപിപ്പിച്ച വെളിപ്പെടുത്തല്‍ നടത്തിയ തന്റെ ജീവന്‍ ഭീഷണിയാണെന്നും ഹോംഗ്‌കോംഗും ചൈനയും തന്നെ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൗരന്‍മാരൂടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത വന്‍ വിവാദമായിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന ന്യായീകരണമാണ് ഒബാമ ഭരണകൂടം ഇതിന് നല്‍കിയത്.