കടപ്പാറ നിവാസികള്‍ക്ക് ഈ മഴക്കാലവും യാത്രദുഷ്‌കരമാവും

Posted on: June 11, 2013 8:15 am | Last updated: June 11, 2013 at 8:15 am
SHARE

വടക്കഞ്ചേരി: മലയോരമേഖലയായ കടപ്പാറ നിവാസികള്‍ക്ക് ഈ മഴക്കാലവും ദുര്‍ഘടയാത്രയാകും.
നാലുവര്‍ഷമായി നടക്കുന്ന റോഡുപണികള്‍ ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. ടാറിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും കരാറുകാരന് സമയം നീട്ടിക്കൊടുത്തിട്ടുണെ്ടന്നാണ് പറയുന്നത്. 2009 ഫെബ്രുവരി 28ന് തുടങ്ങിയ 6. 62 കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന റോഡിന്റെ പണി ഇപ്പോഴും തുടരുകയാണ്.—
നിര്‍മാണം നിര്‍ത്തിവച്ചിട്ടില്ലെന്നു കാണിക്കാനുള്ള പണികളാണ് നടക്കുന്നത്. ഈ വര്‍ഷം യാത്ര ദുഷ്‌കരമാകുമെന്ന് ഉറപ്പായതോടെ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ രക്ഷിതാക്കളെല്ലാം താമസം മംഗലംഡാമിലെ വാടക വീടുകളിലേക്കും പരിചയക്കാരുടെ വീടുകളിലേക്കും മാറ്റി.—കുട്ടികളുടെ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാനാണ് ഈ മുന്‍കരുതലുകള്‍. റോഡിന്റെ ടാറിംഗ് പണികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. വീതികൂട്ടി ലെവല്‍ ചെയ്ത റോഡില്‍ ഇപ്പോള്‍ ക്വാറി വേസ്റ്റ് തള്ളുന്ന പണികളാണ് നടക്കുന്നത്. മഴപെയ്ത് മണ്ണ് ചെളിയാകാതിരിക്കാനാണ് ഇത്.—
പ്രധാനമന്ത്രിയുടെ ഭാരത് നിര്‍മാണ്‍ ഗ്രാമസഡക് യോജനപദ്ധതി പ്രകാരം ദേശീയപാത നിലവാരത്തിലാണ് റോഡ് നിര്‍മാണം. തുടക്കത്തില്‍ റോഡ് പണികള്‍ക്ക് വേഗതയുണ്ടായിരുന്നെങ്കിലും പിന്നീട് ഒച്ചിഴയും മട്ടിലായി പണികള്‍. 3. 54 കോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പഴയനിരക്കില്‍ ഇനി പണി നടക്കാനുള്ള സാധ്യത കുറവാണ്.——ഇതിന്റെ തടസങ്ങളും പണി നിര്‍ത്തിവയ്ക്കലുമൊക്കെ വീണ്ടും ഉണ്ടാകും. യാത്രയ്ക്കായി കടപ്പാറക്കാര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല.
രാഷ്ട്രീയവും മറ്റുമായി നാലുവര്‍ഷം അവഗണിക്കപ്പെട്ടു കിടക്കുന്ന റോഡ് പ്രദേശവാസികളുടെ സമ്മര്‍ദം തുടര്‍ന്നാല്‍ നല്ല റോഡ് വരുമെന്നാണ് പ്രദേശ വാസികളായ കടപ്പാറക്കാരുടെ പ്രതീക്ഷ.