Connect with us

Wayanad

പകര്‍ച്ചപ്പനി: പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും

Published

|

Last Updated

കല്‍പ്പറ്റ: ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം മുതലായ പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപക പ്രചാരണം നല്‍കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള കാരണങ്ങള്‍ പലതാണെന്ന് യോഗത്തില്‍ സംബന്ധിച്ച ഡി എം ഒ ഡോ. എ സമീറ ചൂണ്ടിക്കാട്ടി.
ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, കൊതുക്, എലി മുതലായവ പെരുകുന്നത്, കാര്യക്ഷമമില്ലാത്ത മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവ രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ പൂര്‍ണമായും ബോധവല്‍ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകള്‍തോറും ലഘുലേഖകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികളിലൂടെയും കുടുംബശ്രീ, ശുചിത്വമിഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയും ലഘുലേഖ പരമാവധി വീടുകളിലെത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 15ന് ജില്ലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ശുചീകരണദിനം ആചരിക്കും. ജൂണിലെ ശേഷിക്കുന്ന മൂന്ന് ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും. ആശുപത്രികളിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഹോമിയോ വകുപ്പിന് കീഴിലുള്ള പ്രതിരോധ മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്യും. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ ശുചീകരണ പ്രതിജ്ഞയെടുക്കും. തോട്ടം മേഖലകളില്‍ ഉടമകളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തണമെന്ന കര്‍ശന നിര്‍ദേശം നല്‍കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, വൈസ് പ്രസിഡന്റ് എ ദേവകി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീം മേമന, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest