വിളര്‍ച്ചയും പട്ടിണിയും; ആദിവാസി വൃദ്ധ ദമ്പതികളെ ആശുപത്രിയിലാക്കി

Posted on: June 11, 2013 8:08 am | Last updated: June 11, 2013 at 8:08 am
SHARE

കാളികാവ്: കരുവാരകുണ്ട് പറയന്‍മേടില്‍ അവശനിലയില്‍ കണ്ടെത്തിയ ആദിവാസി വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എണ്‍പത് വയസ് പിന്നിട്ട നീലനും ഭാര്യ കുറുമ്പിയുമാണ് അവശനിലയില്‍ കാടിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആദിവാസി പ്രൊമോട്ടര്‍മാരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്നാണ് അവശനിലയിലായ വയോധികരെ ആശുപത്രിയില്‍ എത്തിച്ചത്.
വിളര്‍ച്ച രോഗത്തിന് പുറമെ പട്ടിണികൂടിയായതിനാലാണ് ആദിവാസികള്‍ അവശനിലയിലായത്. പറയന്‍മേടിലെ മലമുകളില്‍ താമസിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍ പെട്ട മൂന്ന് ആദിവാസികുടുംബങ്ങളില്‍ മൂപ്പനും ഭാര്യ കുറുമ്പിക്കും അരിയുണ്ടെങ്കിലും പാചകം ചെയ്യാനുള്ള ശേഷിപോലും നഷ്ടപ്പെട്ടതാണ് പട്ടിണിക്ക് കാരണമായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് പേരേയും കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
അനങ്ങാന്‍ പോലും കഴിയാതെ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇവര്‍. കാളികാവിലെ ആശാ-പരിരക്ഷാപ്രവര്‍ത്തകരും ഖുമൈനിക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് പേരേയും ആദ്യം ജഡമൂടിയ മുടി മുറിക്കുകയും കുളിപ്പിക്കുകയും ചെയ്തതിന് ശേഷം ഭക്ഷണം നല്‍കി. പിന്നീട് ഡോക്ടര്‍മാര്‍ പരിശോധിച്ച് വാര്‍ഡിലേക്ക് മാറ്റി.
മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പറയന്‍മേട് മലമുകളില്‍ വീടുകള്‍ ഇല്ലാത്തതിനാല്‍ മണ്‍തറയിലാണ് മൂന്ന് ആദിവാസികുടുംബങ്ങള്‍ കഴിയുന്നത്. മലവാരത്തിലെ ചോലവെള്ളം വറ്റിയതോടെ വൃദ്ധ ദമ്പദികള്‍ക്ക് പിന്നീട് ആഴ്ചകളോളം കുളിക്കാന്‍പോലും കഴിഞ്ഞിട്ടില്ല.
കുടിവെള്ളം പോലും കിട്ടാത്തതിനാല്‍ ദുരിതത്തിലായ ഇവര്‍ പാടെ അവശരാവുകയും ചെയ്തു. മഴ തുടങ്ങിയതോടെ രോഗ ബാധിതരായ രണ്ട് പേരേയും പട്ടിക വര്‍ഗ പ്രൊമോട്ടര്‍മാരായ കെ രാജന്‍, കെ ബിജു, സി രാജന്‍ എന്നിവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരുവാരകുണ്ട് പി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പി രാമകൃഷ്ണന്‍, ജെ എച്ച് ഐ. എം മണി എന്നിവര്‍ചേര്‍ന്നാണ് കാളികാവ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരം ക്ഷീണിച്ചതിനാല്‍ ആരോഗ്യം വീണ്ടുകിട്ടാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.