Connect with us

Malappuram

കണ്ണമംഗലത്തും ഊരകത്തും സര്‍ക്കാര്‍ ഭൂമിയുള്ളതായി വിവരാവകാശ രേഖ

Published

|

Last Updated

മലപ്പുറം: വേങ്ങരയില്‍ സര്‍ക്കാര്‍ മേഖലയില്‍ കോളജ് അനുവദിക്കുന്നതിന് ഭൂമിയില്ലെന്ന മുസ്‌ലിംലീഗ് വാദം പൊളിയുന്നു. കോളജ് സര്‍ക്കാര്‍തലത്തില്‍ തുടങ്ങുന്നതിന് ആവശ്യമായ ഭൂമി വേങ്ങര മണ്ഡലത്തിലെ രണ്ടിടത്തുള്ളതായി വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. ഊരകം പുല്ലഞ്ചാലിലും കണ്ണമംഗലം പഞ്ചായത്തിലെ ചേറൂര്‍ സ്‌കൂളിന് സമീപത്തും (സര്‍വേ നമ്പര്‍ 119, 120, 121) സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലാത്തതിനാലാണ് കോളജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റിയതെന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. എസ് ഐ ഒ ജില്ലാ കമ്മിറ്റിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് മണ്ഡലത്തിലെ രണ്ടിടത്ത് സര്‍ക്കാര്‍ ഭൂമിമിയുള്ളതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2011 ല്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ബജറ്റിലാണ് ആദ്യമായി വേങ്ങരയില്‍ സര്‍ക്കാര്‍ കോളജ് പ്രഖ്യപിച്ചത്. കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് സ്ഥലം എം എല്‍ എയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റിലും വേങ്ങര സര്‍ക്കാര്‍ കോളജ് പരമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജ് ആരംഭിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ പിന്നീട് കോളജ് മുസ്‌ലിംലീഗ് നേതൃത്വത്തിന് കീഴിലുള്ള മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാക്കി സ്വകാര്യവത്കരിക്കുകയായിരുന്നു.

ഇതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോളജ് സ്വകാര്യ ട്രസ്റ്റിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് വേങ്ങര എം എല്‍ എ മൗനം അവസാനിപ്പിക്കണമെന്ന് എസ് ഐ ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വേങ്ങര സര്‍ക്കാര്‍ കോളജ് സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ കെ അശ്‌റഫ്, ജലീല്‍ കോഡൂര്‍, റസീന്‍ബാബു പങ്കെടുത്തു. സര്‍ക്കാര്‍ കോളജ് ലീഗ് പ്രമാണികള്‍ക്ക് എയ്ഡഡ് മേഖലക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നാഷനല്‍ യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പുള്ളാട്ട് മുജീബ്, കെ പി അഷ്‌റഫ്, കെ സി സിറാജ് നേതൃത്വം നല്‍കി.
ബജറ്റില്‍ വകയിരുത്തിയ സര്‍ക്കാര്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്നും സ്വകാര്യ ട്രസ്റ്റിന് കോളജ് അനുവദിച്ചത് റദ്ദ് ചെയ്യണമെന്നും വേങ്ങര സോണല്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി ടി അഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. കെ ടി ത്വാഹിര്‍ സഖാഫി, ടി അലി, പുതുപറമ്പ്, കെ മൊയ്തീന്‍ മാസ്റ്റര്‍ കണ്ണമംഗലം, ടി ടി ഉബൈദുല്ല ഇര്‍ഫാനി പ്രസംഗിച്ചു.

Latest