പരപ്പനങ്ങാടിയിലെ ടോള്‍ വിരുദ്ധ സമരം; 200ഓളം പേര്‍ക്കെതിരെ കേസ്

Posted on: June 11, 2013 8:05 am | Last updated: June 11, 2013 at 8:05 am
SHARE

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പാലത്തിന് ടോള്‍പിരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തവരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും എല്‍ ഡി എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. ചെറുകിടവാഹനങ്ങള്‍ ഒന്നും സര്‍വീസ് നടത്തിയില്ല. ബസുകള്‍ പരപ്പനങ്ങാടി ടൗണില്‍ നിന്ന് മാറി യാണ് സര്‍വീസ് നടത്തിയത്. ഇത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
പരപ്പനങ്ങാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. പ്രവര്‍ത്തിച്ചവയാകട്ടെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അടക്കുകയായിരുന്നു. രാവിലെ ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ടി കാര്‍ത്തികേയന്‍, അഡ്വ.സുല്‍ഫീക്കര്‍, എം മുജീബ് നേതൃത്വം നല്‍കി.
ടോള്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ ഉള്ള കല്ലേറിലും അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിലും പരപ്പനങ്ങാടി പോലീസ് 200ഓളം പേര്‍ക്കെതിരെ കേസെടുത്തു. കെ വി സിറാജ് അടക്കം 12 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയും മുഹമ്മദ് റാഫി അടക്കം 75 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും 100 ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പോലീസിനെ കല്ലെറിഞ്ഞ സംഭവത്തില്‍ മറ്റൊരു കേസുമെടുത്തിട്ടുണ്ട്.