പേരാമ്പ്രയില്‍ തെരുവ് പട്ടികളുടെ പരാക്രമം; നിരവധിപേര്‍ക്ക് കടിയേറ്റു

Posted on: June 11, 2013 8:02 am | Last updated: June 11, 2013 at 8:02 am
SHARE

പേരാമ്പ്ര: ടൗണിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകളുടെ പരാക്രമം തുടരുന്നു. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി നിരവധി പേരെയാണ് പട്ടി ആക്രമിച്ചത്. ഇന്നലെ പേരാമ്പ്ര പൈതോത്ത് റോഡില്‍ യുവാവിന്റെ കൈത്തണ്ട തെരുവ് നായ കടിച്ചുപറിച്ചു. ഓടിക്കൂടിയവര്‍ പട്ടിയെ തല്ലിക്കൊന്നു.
കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കല്യാണ മണ്ഡപത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കൂട്ടാലിട സ്വദേശിനിയായ യുവതിയെയാണ് പട്ടി ആദ്യമായി ആക്രമിച്ചത്. പ്രാഥമിക ചികിത്സക്കുശേഷം ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് നാല് പേരെ തെരുവ്പട്ടി കടിച്ച് പരുക്കേല്‍പ്പിച്ചത്.
കെ എം ബാലന്‍, വിയ്യൂര്‍ സ്വദേശി അനില്‍കുമാര്‍, മഠത്തില്‍ വിജയന്‍, അത്തോളി സ്വദേശി സക്കറിയ എന്നിവരെയാണ് പട്ടി ആക്രമിച്ചത്. നാല് പേരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരന്തരം പട്ടിയുടെ അക്രമമുണ്ടാകുന്ന സാഹചര്യത്തില്‍ ടൗണിലെത്തുന്നവര്‍ ഭീതിയിലാണ്.