Connect with us

Kozhikode

കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; രോഗികള്‍ ദുരിതത്തില്‍

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ബിജുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ഡോക്ടര്‍മാരും അനിശ്ചിതകാലത്തേക്ക് കൂട്ട അവധിയില്‍ പ്രവേശിച്ചു. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ പനിയടക്കമുള്ള നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ വലഞ്ഞു.
സൂപ്രണ്ട് അടക്കം ആശുപത്രിയില്‍ എത്താത്തതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ എത്തിയവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഒമ്പത് ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ വിദേശ പര്യടനത്തിലാണ്. ബാക്കി ഏഴ് പേരാണ് കൂട്ട അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ പ്രസവ സംബന്ധമായ കേസുകളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. ചികിത്സ ഉടന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 28ന് പനി ബാധിച്ച് അവശനിലയിലെത്തിയ രോഗിക്ക് ഡോക്ടര്‍ രാത്രി ചികിത്സ നിഷേധിച്ചിരുന്നു. രോഗിയായ അമ്മയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നടത്തിയ ശേഷം തിരിച്ചുവന്ന മക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവമാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ചോദ്യം ചെയ്തശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആറിന് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കെ ജി എം ഒ എ നേതാക്കളുമായി കുറ്റിയാടി സി ഐ ഇടപെട്ട് സമരം പിന്‍വലിപ്പിക്കുകയായിരുന്നു. പ്രതികളെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് സി ഐ ഉറപ്പ് നല്‍കിയതായും എന്നാല്‍ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇന്നലെ കൂട്ട അവധിയില്‍ പ്രവേശിച്ചതെന്നും ഡോക്ടമാര്‍ പറയുന്നു.

---- facebook comment plugin here -----

Latest