മൂരാട്, പാലോളിപാലങ്ങള്‍ക്കിടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

Posted on: June 11, 2013 8:01 am | Last updated: June 11, 2013 at 8:01 am
SHARE

വടകര: റെയില്‍പാളത്തില്‍ വിള്ളലുകളുണ്ടാകുന്നത് നിത്യസംഭവമാകുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നു. മൂരാട് പാലത്തിനും പാലോളിപാലത്തിനും ഇടയില്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് റെയില്‍പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്. വടകര നഗരസഭാ പ്രതിപക്ഷനേതാവ് സി എച്ച് വിജയനാണ് റെയിലിലെ വിള്ളല്‍ കണ്ടത്.
ഉടനെ റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു. പോലീസ് റെയില്‍വേ അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പറ്റാത്തതിനാല്‍ ആളെ വിട്ട് വിവരമറിയിക്കുകയും തുടര്‍ന്ന് റെയില്‍ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു. ഈ സമയത്ത് വടകരയിലെത്തിയ മംഗലാപുരം-നാഗര്‍കോവില്‍ ഏറാനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയ ശേഷമാണ് വിള്ളല്‍ കണ്ടെത്തിയത്.
വടകരയിലെ ടെക്‌നിക്കല്‍ ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാഹി-കൊയിലാണ്ടി സ്റ്റേഷനുകള്‍ക്കിടയില്‍ റെയിലില്‍ വിള്ളലുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ പത്തോളം ഭാഗങ്ങളില്‍ റെയില്‍പാളം പൊട്ടി വിള്ളലുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത് കൊണ്ട് മാത്രമാണ് ഈ ഘട്ടങ്ങളിലെല്ലാം വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.
മൂന്ന് ദിവസം മുമ്പ് മുട്ടുങ്ങല്‍ കൈനാട്ടിയില്‍ ഉണ്ടായ വിള്ളല്‍ ഏഴ് വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥി കണ്ടെത്തി വിവരമറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് അപകടം ഒഴിവാകുകയായിരുന്നു. ഇത്തരം പല സംഭവങ്ങളുണ്ടായിട്ടും റെയില്‍വേ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ നാട്ടുകാര്‍ക്ക് വന്‍ പ്രതിഷേധമുണ്ട്.