ഇത് നാട്ടുകാരുടെ കാന്റീന്‍; വയറ് നിറയും, മനസ്സും

Posted on: June 11, 2013 7:59 am | Last updated: June 11, 2013 at 7:59 am
SHARE

കോഴിക്കോട്: അടുക്കള സാധനങ്ങളുടെ വില അടിക്കടി ഉയരുമ്പോഴും പെരുമണ്ണയിലെ ബീഡി തൊഴിലാളി കാന്റീനില്‍ കാര്യങ്ങളെല്ലാം പഴയപടി തന്നെ. ആഹാരസാധനങ്ങളുടെ ഗുണത്തിലോ അളവിലോ മാറ്റമില്ല. വിലയിലുമില്ല വ്യത്യാസം.
പച്ചക്കറികള്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമ്പോഴൊക്കെ മറ്റ് ഹോട്ടലുകളെ പോലെ വില വര്‍ധിപ്പിക്കുന്ന രീതി ഈ കാന്റീനിലില്ല. വല്ലപ്പോഴും വില ഉയരുമ്പോഴും ഇവിടെ വില ഒരുപടി താഴെയായിരിക്കും. അങ്ങനെയാണ് ബീഡി തൊഴിലാളി കാന്റീന്‍ പെരുമണ്ണക്കാരുടെ വിശ്വസ്ത സ്ഥാപനമാകുന്നത്. ‘ന്യായമായ വില ന്യായമായ ലാഭം’ എന്നതാണ് കാന്റീനിന്റെ മുദ്രാവാക്യം.
മറ്റ് ഹോട്ടലുകളിലെല്ലാം ഊണിന് 35രൂപ വരെ ഈടാക്കുമ്പോള്‍ കാന്റീനില്‍ 20 രൂപ.
ചായക്ക് നാല് രൂപ. പലഹാരങ്ങള്‍ക്ക് രണ്ട് തരത്തിലാണ് വില. എണ്ണ പലഹാരങ്ങള്‍ക്ക് അഞ്ച് രൂപയും അല്ലാത്തവക്ക് നാല് രൂപയും. ഇങ്ങനെ വില കുറച്ച് എങ്ങനെ പിടിച്ചുനില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ കാന്റീന്‍ നടത്തിപ്പുകാരന്‍ എന്‍ സി അബൂബക്കര്‍ പറയും-‘കുറഞ്ഞ വില ഈടാക്കി നേടുന്ന കച്ചവട വര്‍ധന’. ചെറിയ ലാഭത്തിലാണെങ്കിലും മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് ഭക്ഷണം വിളമ്പുന്നതിലൂടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും.
1980ല്‍ പെരുമണ്ണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബീഡി തൊഴിലാളികളില്‍ നിന്നാണ് കാന്റീന്‍ എന്ന ആശയത്തിന്റെ പിറവി. അടുത്തുള്ള ഹോട്ടലുകളില്‍ ചായക്ക് 15 പൈസയില്‍ നിന്ന് പെട്ടെന്ന് 20പൈസ ആക്കിയത് തൊഴിലാളികള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ കാന്റീന്‍ തുടങ്ങുമ്പോള്‍ 613 ഷെയര്‍ ഉടമകളായിരുന്നു. ഒരു ഓഹരിക്ക് ഇരുപത് രൂപ. തുടക്കത്തില്‍ ചായക്ക് 10 പൈസയായിരുന്നു കാന്റീനില്‍.
ഒരു വര്‍ഷം മുമ്പ് വരെ മൂന്ന് രൂപയും. ദിവസവും 35,000രൂപയുടെ കച്ചവടമാണ് കാന്റീനില്‍ നടക്കുന്നത്. കെ പി മമ്മദ് പ്രസിഡന്റും വി പി വിജയന്‍ സെക്രട്ടറിയുമായ 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളടക്കം 14 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.