Connect with us

Kozhikode

ഹെല്‍മെറ്റ് വേട്ടക്കിടെ അപകടങ്ങള്‍ പതിവാകുന്നു; കോടതിയെ ധിക്കരിച്ച് പോലീസിന്റെ 'ഒളിച്ചു പിടിത്തം'

Published

|

Last Updated

കോഴിക്കോട്: ഹെല്‍മെറ്റ് വേട്ടക്ക് പോലീസ് വിവാദ രീതി തന്നെ തുടരുന്നു. വളവുകളിലും സിഗ്‌നലുകളിലും തിരക്കുള്ള റോഡുകളിലും ഹെല്‍മറ്റ് വേട്ട പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നഗരത്തില്‍ ഹെല്‍മറ്റ് വേട്ടക്ക് പോലീസ് വളവുകളിലും തിരിവുകളിലും പാത്തും പതുങ്ങിയും നില്‍ക്കുന്നത്. ഇത്തരത്തിലുള്ള ഹെല്‍മറ്റ് വേട്ടക്ക് ഇരയായി രണ്ട് യുവാക്കള്‍ മരിച്ചിട്ട് മൂന്നുമാസം തികഞ്ഞില്ല. അന്ന് ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ക്കെല്ലാം നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിയാണ് പോലീസ് “ഒളിപ്രയോഗം” വീണ്ടും തുടങ്ങിയിരിക്കുന്നത്.
നഗരത്തിലെ മേല്‍പ്പാലങ്ങള്‍ക്ക് കീഴെയും കൊടുംവളവുകളിലും സിഗ്നലുകള്‍ക്കും ഹമ്പുകള്‍ക്കും സമീപം ഇപ്പോള്‍ ഹെല്‍മറ്റ് വേട്ട നടത്തുന്ന പോലീസിനെ കാണാം. ഏതാനും ദിവസം മുമ്പ് മാനാഞ്ചിറ സ്‌ക്വയറിന്റെ വളവ് തിരിഞ്ഞ് ഒരു വാഹനം കോംട്രസ്റ്റിന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് ചാടിവീണു. നഗരത്തിലെ തിരക്കേറിയതും ഇടുങ്ങിയതുമായ ഈ റോഡില്‍ പോലീസുകാരന്‍ വാഹനം തടഞ്ഞിട്ടപ്പോള്‍ ഗതാഗതക്കുരുക്കിന് അധിക സമയം വേണ്ടിവന്നില്ല. ചിലപ്പോള്‍ ഹെല്‍മറ്റ്, മറ്റ് ചിലപ്പോള്‍ പുകപരിശോധന്യൂസര്‍ട്ടിഫിക്കറ്റിന്റെ തീയതി കഴിഞ്ഞത്, ഇന്‍ഷ്വറന്‍സ് കഴിഞ്ഞത് തുടങ്ങിയ കുഴപ്പങ്ങളാകും പല വാഹനങ്ങളുടെയും പ്രശ്‌നം. പിടിച്ചാല്‍ ചെറിയൊരു പിഴയുടെ പ്രശ്‌നമേ ഉള്ളൂവെങ്കിലും പെട്ടെന്ന് മുമ്പില്‍ ചാടുന്ന പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന ഒരു നിമിഷം പലപ്പോഴും ഇത്തരക്കാരെ എത്തിക്കാറുള്ളത് വന്‍ അപകടങ്ങളിലാണ്. പന്നിയങ്കര മേഖലയില്‍ കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന്്യൂനടന്നതും ഇത്തരത്തിലുള്ള സംഭവമായിരുന്നു. രണ്ടു യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കൈകാണിച്ചപ്പോള്‍ ഹെല്‍മറ്റിടാത്തതിനാല്‍ പേടിച്ച് അവര്‍ മുന്നോട്ടെടുത്തു. ധൃതി പിടിച്ച് മുന്നോട്ടെടുത്ത ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ പെടുകയായിരുന്നു. മീഞ്ചന്ത -കോഴിക്കോട് ബൈപ്പാസിലെ തിരുവണ്ണൂര്‍ കുറ്റിയില്‍പടി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ നല്ലളം ഉള്ളിശ്ശേരിക്കുന്ന് ചെമ്പലശ്ശേരി പറമ്പ് വേലായുധന്റെ മകന്‍ മഹേഷ്(28), അരക്കിണര്‍ പറമ്പത്ത്‌കോവില്‍ ഹരിദാസന്റെ മകന്‍ രാജേഷ്(36) എന്നിവരാണ് അന്ന് അതിദാരുണമായി മരിച്ചത്. ദിവസങ്ങളോളം അതിന്റെ പ്രതിഷേധം കെട്ടടങ്ങാതെ നിന്നു. ഇതേ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി യോഗം പോലീസിന്റെ ഒളിച്ചുപിടുത്തത്തെ വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറും എ സി പി വേണുഗോപാലും ഇത്തരം ഹെല്‍മെറ്റ് വേട്ട ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.

Latest