ശ്രീലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനെതിരെ നീലഗിരിയില്‍ പ്രതിഷേധം

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:16 pm
SHARE

ഗൂഡല്ലൂര്‍: ശ്രീലങ്കന്‍ സൈനികര്‍ക്ക് കുന്നൂര്‍ വെല്ലിംഗ്ടണ്‍ സൈനിക ക്യാമ്പില്‍ പരിശീലനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് നീലഗിരി ജില്ലയില്‍ വിവിധ രാഷ്ട്രീ-സന്നദ്ധ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങി. ഇത്കാരണം കുന്നൂരിലും പരിസരങ്ങളിലും പോലീസ് സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വനായക് മേജര്‍, ഹരീഷ് തന്തി റെഡ്ഡി എന്നി രണ്ട് പേര്‍ക്കാണ് കുന്നൂരില്‍ സൈനിക പരിശീലനം നല്‍കുന്നത്. ഇതിനെതിരെയാണ് തമിഴ് സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. പുറത്താക്കിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തമിഴ് സംഘടനകളുടെ തീരുമാനം. പത്ത് മാസത്തെ പരിശീലനത്തിനാണ് ഇവര്‍ എത്തിയിരിക്കുന്നത്. കുന്നൂരില്‍ റോഡ് ഉപരോധിക്കുകയും ട്രെയിന്‍ തടയുകയും ചെയ്ത എം ഡി എം കെ, നാംതമിഴര്‍, വിടുതലൈ ശിറുതൈ എന്നി പാര്‍ട്ടികളിലെ 300 പേരെ പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കയിലെ തമിഴരെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ചാണ് ശ്രീലങ്കന്‍ തമിഴരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കരുതെന്ന് തമിഴ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഡി എം കെ അധ്യക്ഷന്‍ കരുണാനിധി എന്നിവര്‍ ശ്രീലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നാണ് തമിഴ് സംഘടനകളെല്ലാം ആരോപിക്കുന്നത്.