അഡ്വാനിക്ക് ഇനി വിശ്രമ ജീവിതം

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:12 pm
SHARE
adv
അഡ്വാനി

മോഡി-അഡ്വാനി ഭിന്നത പൊട്ടിത്തെറിയിലെത്തി. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഉപേക്ഷിച്ചു കൊണ്ടാണ്, മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതിലുള്ള പ്രതിഷേധം അഡ്വാനി പ്രകടിപ്പിച്ചത്. ആദര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതായും സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് നിലവില്‍ ബി ജെ പിയെ നയിക്കുന്നതെന്നും രാജിക്കത്തില്‍ അഡ്വാനി കുറ്റപ്പെടുത്തുന്നു. ദേശീയ പ്രവര്‍ത്തക സമിതി, പാര്‍ലിമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്ന് രാജി സമര്‍പ്പിച്ച അഡ്വാനി പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടു തന്നെ മോഡി ഗ്രുപ്പിനെതിരെ ശക്തമായി പോരാടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദര്‍ശാധിഷ്ഠിതമാണ് രാജിയെന്ന് അഡ്വാനി അവകാശപ്പെടുന്നുണ്ടെങ്കിലും അധികാരസ്ഥാനങ്ങള്‍ക്കായുള്ള വടംവലിയുടെ പരിണതിയായാണത് സംഭവിച്ചത്. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്നതിനെച്ചൊല്ലി മാസങ്ങളായി പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയും വാഗ്വാദവും നടക്കുകയാണ്. നരേന്ദ്ര മോഡിയെയാണ് പാര്‍ട്ടിയിലെ ഗണ്യവിഭാഗവും ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും ചെങ്കോട്ടയുടെ ചെങ്കോലേന്താന്‍ അഡ്വാനിക്കും മോഹമുണ്ട്. പണത്തിന്റെ പിന്‍ബലത്തില്‍ മാധ്യമങ്ങളിലൂടെ വികസന നായകന്റെ പരിവേഷമണിഞ്ഞ മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി സമര്‍ഥമായി കരുക്കള്‍ നീക്കി വരികയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തിച്ചത് അദ്ദേഹത്തിന് അനുകൂല ഘടകമാകുകയും ചെയ്തു. രണ്ട് മാസം മുമ്പ് നടന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ മോഡി മുഖ്യ പ്രചാരകനായി എത്തിയിട്ടും പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ് ഫലം വീണ്ടും മോഡി തരംഗത്തിന് ശക്തി പകരുകയുണ്ടായി. അവിടെ തിരഞ്ഞെടുപ്പ് നടന്ന രണ്ട് പാര്‍ലിമെന്റ് സീറ്റുകളും നാല് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തു. ഇതോടൊപ്പം ആര്‍ എസ് എസിന്റെ പിന്തുണ കൂടി മോഡിക്ക് ലഭിച്ചതോടെ കഴിഞ്ഞ വാരാന്ത്യത്തില്‍ പനാജിയില്‍ ചേര്‍ന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതിക്ക് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അഡ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഉമാഭാരതി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കളും വിട്ടുനിന്ന നിര്‍വാഹക സമിതി യോഗം മോഡിയെ പ്രചാരക സമിതി അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.
ഉഗ്രവാദിയും തീവ്രവാദിയും തമ്മിലുള്ള ചേരിപ്പോരില്‍ ഉഗ്രവാദി വിജയിച്ചുവെന്നതാണ് പാര്‍ട്ടിയിലെ പുതിയ സംഭവവികാസങ്ങളുടെ ആകത്തുക. തീവ്രവാദത്തോടൊപ്പം അല്‍പ്പം മാനുഷിക മുഖം കൂടിയുണ്ടായിരുന്ന വാജ്‌പേയിയെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പുറംതള്ളുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചവരാണ് നേരത്തെ മോഡിയും അഡ്വാനിയും. 2002ലെ ഗുജറാത്ത് വംശഹത്യക്ക് തൊട്ടു പിറകെ ഗോവയില്‍ നടന്ന പാര്‍ട്ടി നിര്‍വാഹക സമിതിയില്‍ ആരും തുണക്കാനില്ലാതെ മോഡി ഒറ്റപ്പെട്ട ഘട്ടത്തില്‍ അദ്ദേഹത്തിന്റെ രക്ഷക്കത്തെിയത് അഡ്വാനിയായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മോഡി രാജിവെക്കണമെന്ന് സമിതിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടപ്പോള്‍, മോഡിയുടെ രാജി വംശഹത്യയുടെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ തലയിലാകാന്‍ ഇടയാക്കുമെന്ന ന്യായമുയര്‍ത്തിയാണ് വാജ്‌പേയിയുടെയും പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നീക്കം അഡ്വാനി പരാജയപ്പെടുത്തിയത്. ഒരു വന്‍ വീഴ്ചയില്‍ നിന്ന് അഡ്വാനി ഉയര്‍ത്തിക്കൊണ്ടു വന്ന മോഡി തന്നെയാണ് ഇന്ന് അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയെന്നത് വിധിവൈപരീത്യം.
അഡ്വാനി യുഗത്തിന്റെ അവസാനമായി വേണം മോഡിയുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹത്തിനേറ്റ പരാജയത്തെ കാണാന്‍. 1942ല്‍ ആര്‍ എസ് എസില്‍ അംഗത്വം നേടിയ അഡ്വാനിയെ പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തിച്ചത് സംഘ് നേതൃത്വമാണ്. നിലവില്‍ പാര്‍ട്ടി അഭിമുഖീകരിച്ച പ്രതിസന്ധിയില്‍ അഡ്വാനിയെ അവഗണിച്ചു മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദേശം നല്‍കിയതും സംഘ് നേതൃത്വം തന്നെ. അത് അംഗീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ അഡ്വാനി അദ്ദേഹത്തിന്റെ വഴിനോക്കട്ടെയെന്ന കടുത്ത നിലപാടാണ് ആര്‍ എസ് എസ് കൈക്കൊണ്ടത്. എക്കാലവും ബി ജെ പിയുടെ മൂക്കുകയര്‍ ആര്‍ എസ് എസിന്റെ കൈകളിലാണ്. സംഘ് നേതൃത്വത്തിന് ഹിതകരമല്ലാത്തവര്‍ക്ക് ഏറെക്കാലം പിടിച്ചു നില്‍ക്കാനാകില്ല. ഇത് നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് ഞായറാഴ്ച വരെ അഡ്വാനിയോടൊപ്പം നിലയുറപ്പിക്കുകയും അഡ്വാനിക്ക് വേണ്ടി ദേശീയ നിര്‍വാഹക സമിതി യോഗം ബഹിഷ്‌കരിക്കുകയും ചെയ്ത യശ്വന്ത് സിന്‍ഹ ഇന്നലെ പൊടുന്നനെ കൂറുമാറി മോഡിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. അഡ്വാനിക്കൊപ്പമുള്ള മറ്റു നേതാക്കളും താമസിയാതെ മോഡി ക്യാമ്പിലേക്ക് ചേക്കേറുന്നതോടെ വാജ്‌പേയിയെ പോലെ അഡ്വാനിക്കും വിശ്രമ ജീവിതം ആരംഭിക്കാം.