ബി ജെ പിയില്‍ പൊട്ടിത്തെറി; അദ്വാനി സ്ഥാനങ്ങള്‍ രാജിവെച്ചു

Posted on: June 10, 2013 2:10 pm | Last updated: June 11, 2013 at 7:40 am
SHARE

bbbbന്യൂഡല്‍ഹി: ബി ജെ പിയുടെ സ്ഥാപകനേതാക്കളിലൊരാളായ എല്‍ കെ അദ്വാനി ബി ജെ പിയില്‍ താന്‍ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. മോഡിയെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മുഖ്യപ്രചാകനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് കൈമാറിയ കത്തിലാണ് അദ്വാനി രാജിക്കാര്യം അറിയിച്ചത്.

പാര്‍ട്ടിയുടെ സ്ഥാപകരായ ഡോ മുഖര്‍ജി, ദീന്‍ ദയാല്‍ദി, നാനാജി, വാജ്‌പെയ്, തുടങ്ങിയ ബി ജെ പി സ്ഥാപക നേതാക്കള്‍ ഉദ്ദേശിച്ച രീതിയിലല്ല പാര്‍ട്ടി ഇന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് അദ്വാനി തന്റെ കത്തില്‍ ആരോപിക്കുന്നു. വ്യക്തി പരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പലരും ഇന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്വാനി കത്തില്‍ പറയുന്നു.

പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി, പാര്‍ലമെന്ററി കമ്മിറ്റി, നിര്‍വാഹകസമിതി എന്നിവയില്‍ നിന്നുമാണ് താന്‍ രാജിവെക്കുന്നത് എന്നാണ് അദ്വാനി അറിയിച്ചത്.

അദ്വാനിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇന്നലെ ഗോവയില്‍ സമാപിച്ച ദേശീയ എക്‌സിക്യൂട്ടിവ് നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനാക്കിയത്. ഇന്ന് രാവിലെ രാജ്‌നാഥ് സിംഗ് അദ്വാനിയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്വാനി വഴങ്ങിയിരുന്നില്ല.

അദ്വാനിയുടെ രാജി സ്വീകരിക്കില്ലെന്നാണ് ബി ജെ പി നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്ന വിവരം.

 

അദ്വാനിയുടെ രാജിക്കത്തിന്റെ പരിഭാഷ

 

എന്റെ ജീവിതത്തിലെ സിംഹഭാഗവും ഞാന്‍ ഉഴിഞ്ഞുവെച്ചത് ജനസംഘിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്. എന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനും അഭിമാനിതനുമാണ്. 

പക്ഷേ ഈ അടുത്തകാലത്ത് പാര്‍ട്ടിയുടെ പല പ്രവര്‍ത്തനങ്ങളോടും പൊരുത്തപ്പെട്ടു പോവാന്‍ എനിക്ക് കഴിയുന്നില്ല. ഡോക്ടര്‍ മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ജി, നാനാജി, വാജ്‌പേയി എന്നിവര്‍ രൂപീകരിച്ച പാര്‍ട്ടിയുടെ വഴിക്കല്ല ഇപ്പോഴത്തെ പാര്‍ട്ടിയുടെ പോക്കെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനമായിരുന്നു ആ മഹാന്‍മാരുടെ ലക്ഷ്യം. എന്നാല്‍ ഇന്നത്തെ പല നേതാക്കളും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയാണ്.
അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ്, പാര്‍ലമെന്ററി ബോര്‍ഡ്, ഇലക്ക്ഷന്‍ കമ്മിറ്റി എന്നിവയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. ഇതൊരു രാജിക്കത്തായി കണക്കാക്കണമെന്നും അപേക്ഷിക്കുന്നു.

വിശ്വസ്തയോടെ
എല്‍ കെ അദ്വാനി

അദ്വാനിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

Advani