Connect with us

Malappuram

പരപ്പനങ്ങാടിയിലെ ടോള്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ലാത്തിച്ചാര്‍ജും കല്ലേറും

Published

|

Last Updated

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പരപ്പനങ്ങാടിയിലെ അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പാലത്തിന് ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കല്ലേറിലും പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ ആറ് മണിയോടെ തന്നെ പാലത്തിന് ടോള്‍ പിരിക്കാന്‍ താത്കാലിക സംവിധാനം ഒരുക്കി ആര്‍ ബി ഡി സി കെ ഉദ്യോഗസ്ഥര്‍ കനത്ത പോലീസ് സംരക്ഷണത്തോടെ എത്തിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഡി പി ഐ , ഡി വൈ എഫ് ഐ, ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സ്ഥലങ്ങളില്‍ നിന്നായി ടോള്‍പിരിവ് നടത്തുന്ന സ്ഥലത്തെത്തി. ഇതില്‍ ആദ്യം എത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് എത്തിയ ജനകീയ ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചും തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. പിന്നാലെ വന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തൊട്ട് പിറകിലായി എത്തി റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി.
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ധര്‍ണയില്‍ ഉദ്ഘാടന പരിപാടികള്‍ക്കിടെ തൊട്ട് പിന്നില്‍ പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പോലീസ് വലയം ബാധിച്ച് ടോള്‍ താത്കാലിക ബൂത്തും ഷെഡും തകര്‍ക്കാന്‍ തുടങ്ങിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കല്ലേറും നടന്നു. പോലീസ് ലാത്തിച്ചാര്‍ജിലും കല്ലേറിലും ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും സി പി ഐ ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫ. ഇ പി മുഹമ്മദലിക്ക് പോലീസ് ലാത്തി ചാര്‍ജില്‍ തലക്ക് പരുക്കേറ്റു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മുഹമ്മദ് റാഫി, എം അനില്‍കുമാര്‍, ബൈജു, വിനീഷ് എന്നിവരെ പരപ്പനങ്ങാടി എ കെ ജി സഹകരണ ആശുപത്രിയിലും എ പ്രതീപിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മറ്റു രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നാല് പോലീസുകാര്‍ക്കും നിസാര പരുക്കേറ്റു.
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ മാര്‍ച്ച് നേരത്തെ പ്രൊഫ. ഇ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യു കലാനാഥന്‍, പി ജഗന്നിവാസന്‍, ടി കാര്‍ത്തികേയന്‍ പ്രസംഗിച്ചു. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസങ്ങളിലും ടോള്‍ വിരുദ്ധ സമാധാന സമരം തുടരുമെന്ന് രക്ഷാധികാരി യു കലാനാഥന്‍ അറിയിച്ചു. പി ജഗന്നിവാസന്‍, “ടി കാര്‍ത്തികേയന്‍ പ്രസംഗിച്ചു.

 

Latest