നിലമ്പൂര്‍ കാടുകളില്‍ വന്യമൃഗ വേട്ട വ്യാപകമാകുന്നു

Posted on: June 10, 2013 1:31 pm | Last updated: June 10, 2013 at 1:32 pm
SHARE

nilambur1

നിലമ്പൂര്‍: നിലമ്പൂര്‍ കാടുകളില്‍ വന്യമൃഗ വേട്ട വ്യാപകമാകുന്നു. വനം വകുപ്പിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെ മറവിലാണ് വ്യാപകമായ വന്യമൃഗ വേട്ട മേഖലയില്‍ നടക്കുന്നത്. അതേ സമയം വകുപ്പിലെ തന്നെ ചിലരുടെ ഒത്താശ മൃഗ വേട്ടക്ക് തുണയാകുന്നതായും ആരോപണമുണ്ട്. വനം നോര്‍ത്ത് ഡിവിഷനിലെ ഒരു ജീവനക്കാരനെ മുമ്പ് മൃഗ വേട്ടയുമായി ബന്ധിപ്പിച്ച് കേസെടുത്തിരുന്ന പശ്ചാത്തലത്തിലാണ് ആരോപണം ശക്തമാകുന്നത്.
നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകളില്‍ അഞ്ച് റെയ്ഞ്ചുകളിലായാണ് വന മേഖല വ്യാപിച്ച് കിടക്കുന്നത്. മിക്കവാറും എല്ലാ റെയ്ഞ്ചുകളിലും വേട്ട ശക്തമാണ്. വല്ലപ്പോഴും വേട്ടക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ആരെങ്കിലും ഒറ്റിക്കൊടുക്കുമ്പോള്‍ മാത്രമാണ് വനം വകുപ്പ് വേട്ട സംബന്ധിച്ചുളള വിവരങ്ങള്‍ അറിയുന്നത്. രാത്രി കാല പരിശോധനക്കിടെ വേട്ടക്കാരെ പിടികൂടുന്ന സംഭവങ്ങള്‍ വിരളമാണ്. അത്തരം സംഭവങ്ങളുണ്ടായാല്‍ തന്നെ അവ ഒതുക്കിത്തീര്‍ക്കാനാണ് വനം വകുപ്പിന് പലപ്പോഴും താല്‍പര്യം.
വഴിക്കടവ് റെയ്ഞ്ചില്‍ വെള്ളക്കട്ട, മരുത, പോത്തുകല്ലിന്റെ വിവിധ ഭാഗങ്ങള്‍, നിലമ്പൂര്‍, എടവണ്ണ റെയ്ഞ്ചില്‍ ചാലിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍, എടക്കോട് ഭാഗങ്ങള്‍, കരുളായി റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഉള്‍പ്പെടുന്ന വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായി വേട്ട നടക്കുന്നുണ്ട്.
തോക്കുപയോഗിച്ചുള്ള മൃഗ വേട്ടക്ക് പുറമെ കെണികളും വൈദ്യുതിയും ഉപയോഗിച്ചുള്ള വേട്ടയും പ്രാബല്യത്തിലുണ്ട്. ഇത്തരം സംഭവങ്ങളില്‍ മനുഷ്യര്‍ക്ക് അപകടം സംഭവിക്കുന്ന സാഹചര്യങ്ങള്‍ ധാരാളമാണ്. മാസങ്ങള്‍ക്ക് മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ മൃഗങ്ങള്‍ക്ക് വെച്ച വൈദ്യുതി തട്ടി ഒരു ആദിവാസി സ്ത്രീയടക്കം മൂന്നു പേരാണ് മരിച്ചത്. ഒരാള്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. തോക്കും തിരകളും പ്രദേശത്ത് വ്യാപകമാണ് . ഇതു സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്താന്‍ പോലീസും തയ്യാറാകാത്തതിനാല്‍ തോക്കുകളുടെ എണ്ണം വീണ്ടു കൂടിവരികയാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും മൂന്ന് തിരകളാണ് കണ്ടെടുത്തിരുന്നത്. വിദ്യാര്‍ത്ഥിയുടെ സുഹൃത്തിന്റേതാണ് തിരകളെന്ന് മൊഴിയുണ്ടായിരുന്നെങ്കിലും അയാളെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
നേരത്തെ നായാട്ടില്‍ പ്രത്യേക താത്പര്യമുള്ളവരാണ് വേട്ടക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ മാംസം വില്‍പന ലക്ഷ്യമിട്ടാണ് പലരും വേട്ട നടത്തുന്നത്. കാട്ടിറച്ചിക്ക് വന്‍ തോതില്‍ ആവശ്യക്കാരുള്ളതിനാല്‍ പറയുന്ന വിലയാണ് ലഭിക്കുക. വലിയ ഒരു മൃഗം നൂറ്റമ്പതോളം കിലോഗ്രം തൂക്കമുണ്ടാകും. എല്ലും തൊലിയും ഒഴിവാക്കിയാലും വന്‍ സംഖ്യക്കാണ് വില്‍പന നടത്തുക.
വനത്തിനകത്ത് വെച്ച് വനപാലകരാരും വേട്ടക്കാരെ പിടികൂടാറില്ല. വേട്ട കഴിഞ്ഞ് വരുമ്പോഴോ വേട്ടക്ക് പോകുമ്പോഴോ പ്രധാനമായും ആരെങ്കിലും ഒറ്റുന്നതിന്റെ ഭാഗമായാണ് പിടിക്കപ്പെടാറുള്ളത്. കേസുകള്‍ കൂറയുന്നത് വേട്ട കുറഞ്ഞത് കൊണ്ടല്ലെന്നും പിടിക്കപ്പെടാത്തതിനാലാണെന്നും മുന്‍ വനം ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.
വനപാലകരുടെ ഒത്താശയോടെ തന്നെ വനത്തില്‍ പോകുന്ന വേട്ടക്കാരും കുറവല്ല. ദൂരസ്ഥങ്ങളില്‍ നിന്ന് വന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വേട്ട നടത്തുന്നവരും കുറവല്ല. വേട്ടയാടുന്ന മാംസം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും സംവിധാനങ്ങളുണ്ട്. മഞ്ചേരി നിന്നും കോഴിക്കോട് നിന്നും വേട്ടക്കാരെ പിടിച്ച സംഭവങ്ങളും വിരളമല്ല. മലയോര പാതയായ കക്കാടംപൊയില്‍ വഴിയും മാംസം കൊണ്ടുപോകുന്നതായി അറിയുന്നു. കൃഷി നാശത്തിന്റെ പേരിലാണ് കാട്ടുപന്നികളുടെ വേട്ട പ്രധാനമായും നടക്കുന്നത്. എന്നാല്‍ അംഗീകൃതമായ രീതിയിലൂടെ ആരും പന്നിയെ കൊല്ലാന്‍ തയ്യാറാകുന്നുമില്ല.