Connect with us

Malappuram

ജില്ലയില്‍ നോക്കുകുത്തിയായി അഞ്ചിലധികം ബസ് സ്റ്റാന്‍ഡുകള്‍

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ നഗരസഭകളും പഞ്ചായത്തുകളും ആസൂത്രണമില്ലാതെ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിച്ച് പാഴാക്കിയത് കോടികള്‍. ജില്ലാ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കികൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ക്കായി ഏക്കറുകണക്കിന് നെല്‍വയലുകളാണ് മണ്ണിട്ടു നികത്തിയത്.
ജില്ലയില്‍ അഞ്ചിലധികം ബസ് സ്റ്റാന്‍ഡുകള്‍ ഉപേയോഗ ശ്യൂന്യമാണ്. മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കോടികള്‍ വായ്പയെടുത്താണ് ബസ് സ്റ്റാന്‍ഡ് ധൂര്‍ത്തിനായി പഞ്ചായത്തുകളും നഗരസഭകളും പണം ചെലവഴിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ കൂടുന്നതിനനുസരിച്ച് ബസ് ഉടമകളും മുഖം തിരിക്കുകയാണ്. പോലീസില്ലെങ്കില്‍ സ്റ്റാന്‍ഡുകളില്‍ കയറാന്‍ ബസുകള്‍ക്ക് മടിയാണ്.
പൂക്കോട്ടുംപാടത്ത് രണ്ട് ബസ് സ്റ്റാന്‍ഡും നോക്കുകുത്തിയാണ്. ടൗണില്‍ നിന്നുള്ള ദൂരക്കൂടുതലും റോഡിന്റെ വീതികുറവും പുറത്തേക്കിറങ്ങുന്ന ഭാഗത്തെ കുത്തനെയുള്ള ഇറക്കവും കാരണം ബസുകള്‍ ആദ്യത്തെ സ്റ്റാന്‍ഡ് വേണ്ടെന്ന് വച്ചു.
ബസ് കയറണമെങ്കില്‍ ഒരു കിലോമീറ്ററോളം നടക്കണമെന്നതിനാല്‍ നാട്ടുകാരും ബസ് സ്റ്റാന്‍ഡ് ഉപേക്ഷിച്ചു. ഇപ്പോഴിത് കെ എസ് ഇ ബിയുടെ ഗോഡൗണ്‍ ആണ്. 1994ല്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും പൂക്കോട്ടുപാടം ഹൈസ്‌കൂളിന് സമീപം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഉദ്ഘാടനത്തിന് ശേഷം മൂന്ന് മാസത്തോളം ബസുകള്‍ ഈ സ്റ്റാന്‍ഡില്‍ കയറിയിറങ്ങി. പിന്നീട് യാത്രക്കാരും ബസുകളും സ്റ്റാന്‍ഡ് ഉപേക്ഷച്ചു. 2005-2010 കാലത്ത് പഴയ ബസ് സ്റ്റാന്‍ഡ് പാതയോരത്ത് 35 ലക്ഷം മുടക്കി പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഓഫീസ് സൗകര്യങ്ങള്‍ മുന്നില്‍ കണ്ട് മറ്റൊരു ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പണി പൂര്‍ത്തിയാക്കി. ഒന്നരലക്ഷം രൂപയോളം മുടക്കി കംഫര്‍ട്ട് സ്‌റ്റേഷനും പണിതു.
എന്നാല്‍ സ്റ്റാന്‍ഡില്‍ ബസ് കയറിയിറങ്ങാനുള്ള സൗകര്യമില്ലെന്ന് കാണിച്ച് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ബസ് സ്റ്റാന്‍ഡിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോഴിത് ടാക്‌സി വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും സ്റ്റാന്‍ഡായി മാറിയിരിക്കുകയാണ്.
പെരിന്തല്‍മണ്ണയില്‍ ബസ് സ്റ്റാന്‍ഡുകളെക്കൊണ്ടു തട്ടി നടക്കാനാകാത്ത സ്ഥിതിയാണുള്ളത്. മനഴി ബസ് സ്റ്റാന്‍ഡും ബൈപ്പാസ് ബസ് സ്റ്റാന്‍ഡും ആര്‍ക്കും വേണ്ട. ഇതു കൂടാതെ നഗരസഭ മറ്റൊരു ബസ് സ്റ്റാന്‍ഡിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നഗരസഭാ കെട്ടിടത്തിന്റെ പിറക് വശത്തുള്ള വയലില്‍ ഇതിനായി ഭൂഉടമകള്‍ മൂന്നേകറോളം സൗജന്യമായി നല്‍കി. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ ഒരു കൊല്ലത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. പത്ത് വര്‍ഷമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഗതാഗതക്കുരുക്കിന്റെ പേരിലാണ് പുതിയ ബസ് സ്റ്റാന്‍ഡെന്നാണ് മുനിസിപ്പല്‍ അധികൃതരുടെ ന്യായീകരണം.

 

 

അധികൃതര്‍ അലംഭാവം
വെടിയണം: എസ് വൈ എസ്
മലപ്പുറം: വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ ഗതാഗത പരിഷ്‌കരണം അവസാനിപ്പിക്കാന്‍ അധികൃതര്‍ അലംഭാവം വെടിയണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിലവിലെ അവസ്ഥ പീഡനമായി മാറുകയാണ്. വികസന പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി. പി എം മുസ്തഫ മാസ്റ്റര്‍, അലവിക്കുട്ടി ഫൈസി എടക്കര, ത്വാഹിര്‍ സഖാഫി മഞ്ചേരി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ടി അലവി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.

Latest