റേഷന്‍ ഗോതമ്പ് കടത്ത്: മൊത്ത വ്യാപാരിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന

Posted on: June 10, 2013 8:00 am | Last updated: June 10, 2013 at 12:51 pm
SHARE

വടകര :റേഷന്‍ ഗോതമ്പ് തിരിമറിയില്‍ മൊത്ത വ്യാപാരിയെ രക്ഷിക്കാന്‍ ഉന്നത തല ഗൂഢാലോചന നടക്കുന്നതായി ആക്ഷേപമുയരുന്നു. സസ്‌പെന്‍ഡ് ചെയ്ത മൊത്ത വ്യാപാര കേന്ദ്രത്തില്‍ അറ്റാച്ച് ചെയ്ത റേഷന്‍ കടകള്‍ക്ക് ഇവരുടെ സഹോദര സ്ഥാപനത്തില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് സിവില്‍ സപ്ലൈസ് നീക്കം. സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്.
ഇന്ന് മുതല്‍ താലൂക്കിലെ 45ഓളം റേഷന്‍ കടകള്‍ക്ക് ഇവരിലൂടെ റേഷന്‍ സാധനങ്ങള്‍ വിതരണം നടത്താനുമാണ് അണിയറ നീക്കം. വടകര ജെ ടി റോഡിലെ റേഷന്‍ മൊത്ത വ്യാപാര കേന്ദ്രമായ ഫെബിന ട്രേഡിംഗ് കോര്‍പറേഷനില്‍ നിന്ന് മാഹിയിലെ സ്വകാര്യ മില്ലിലേക്ക് കടത്തുകയായിരുന്ന 80 ചാക്ക് ഗോതമ്പ് ചോമ്പാല പോലീസ് പിടികൂടിയ സംഭവത്തില്‍ മൊത്ത വ്യാപാര കേന്ദ്രത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലൈസന്‍സിയായ ഫെബിന എന്ന സ്ത്രീയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെ ടി എ ഹാജി ആന്‍ഡ് കമ്പനി എന്ന റേഷന്‍ മൊത്ത വ്യാപാരകേന്ദ്രത്തിലൂടെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കടയില്‍ അറ്റാച്ച് ചെയ്ത് 45 റേഷന്‍ഷാപ്പുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ നീക്കം നടക്കുന്നത്.
താലൂക്കിലെ അറുപതോളം റേഷന്‍ കടകള്‍ക്കാണ് സസ്‌പെന്‍ഡ് ചെയ്ത മൊത്തവ്യാപാരി റേഷന്‍ സാധനങ്ങള്‍ നല്‍കിവരുന്നത്. എന്നാല്‍ താലൂക്കില്‍ മൂന്ന് റേഷന്‍ മൊത്ത വ്യാപാരികള്‍ വേറെയുമുണ്ടെന്നിരിക്കെ സഹോദര സ്ഥാപനത്തിലേക്ക് തന്നെ അറ്റാച്ച് ചെയ്യാനുള്ള നീക്കം, വീണ്ടും തിരിമറി നടത്താന്‍ ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഡാലോചനയാണെന്നും പരാതി ഉയര്‍ന്നിരിക്കയാണ്. വടകര റൂറല്‍ ബേങ്ക്, മാധവി ട്രേഡിംഗ് കോര്‍പറേഷന്‍ എന്നിവയും കുറ്റിയാടിയിലുമാണ് മറ്റ് മൊത്ത വ്യാപാരകേന്ദ്രങ്ങള്‍. വടകരയിലെ മൊത്ത വ്യാപാരകേന്ദ്രം സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെ ടി എസ് ഒ മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചത്.
നേരത്തെ ഇരുപത് വീതം കടകളെ മൂന്ന് മൊത്ത വ്യാപാരകേന്ദ്രങ്ങളിലേക്കായി അറ്റാച്ച് ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പേരിന് മാത്രം റൂറല്‍ ബേങ്ക് മൊത്ത വ്യാപാര കേന്ദ്രത്തിന് അഞ്ച് കടകളേയും മാധവി ട്രേഡിംഗ് കോര്‍പറേഷന് പത്ത് റേഷന്‍ കടകളേയും അറ്റാച്ച് ചെയ്ത് ഭൂരിപക്ഷം വരുന്ന 45 റേഷന്‍ കടകളെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മൊത്ത വ്യാപാരകേന്ദ്രത്തിലേക്ക് അറ്റാച്ച് ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഗോതമ്പ് തിരിമറി നടത്തിയ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുവെന്ന് അധികൃതര്‍ ആണയിട്ട് പറയുമ്പോഴും ഇവരുടെ തന്നെയുള്ള സഹോദരസ്ഥാപനത്തിലേക്ക് റേഷന്‍ കടകളെ അറ്റാച്ച് ചെയ്യുകവഴി വീണ്ടും തിരിമറിക്ക് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നും ആരോപണമുയര്‍ന്നിരിക്കയാണ്.
ഉദ്യോഗസ്ഥരുടെ ഇത്തരം നീക്കം കാരണം നേരത്തെയുണ്ടായിരുന്ന ഭൂരിഭാഗം റേഷന്‍ കടകളും ഇയാള്‍ക്ക് തന്നെ ലഭിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതേസമയം മാഹിയിലെ സ്വകാര്യമില്ലിലേക്ക് കടത്തുമ്പോള്‍ പിടിച്ചെടുത്ത ഗോതമ്പ് സൂക്ഷിക്കാന്‍ വടകരയിലെ റേഷന്‍ മൊത്ത വ്യാപാരകേന്ദ്രമായ മാധവി ട്രേഡിംഗ് കോര്‍പറേഷനിലേക്ക് മാറ്റി. ഇതിനിടയില്‍ പോലീസിനെ ഉപയോഗിച്ച് റേഷന്‍കട പരിശോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് താലൂക്കിലെ റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇന്ന് ഇന്‍ഡന്റ് ബഹിഷ്‌കരിക്കാനും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കയാണ്.
റേഷന്‍ തിരിമറിയുടെ പേരില്‍ മൊത്ത വ്യാപാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതും അന്വേഷണം തങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതിയുണ്ടായതിനാലും റേഷന്‍കടകള്‍ അടച്ച് ഗുണഭോക്താക്കളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഉടമകള്‍ സ്വീകരിക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി.