നിയമസഭാ സമ്മേളനം ഇന്നു മുതല്‍: രാഷ്ട്രീയ വിവാദങ്ങള്‍ ഇനി നടുത്തളത്തിലേക്ക്‌

Posted on: June 10, 2013 8:50 am | Last updated: June 10, 2013 at 11:09 am
SHARE

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് സമ്മേളനം തുടങ്ങുന്നത്. പകര്‍ച്ചപ്പനി, വിലക്കയറ്റം, അട്ടപ്പാടി ശിശുമരണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാകും. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഭരണപക്ഷത്തെയും വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു നീക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം കേന്ദ്ര നേതൃത്വം തള്ളിയത് പ്രതിപക്ഷത്തെയും പ്രതിരോധത്തിലാക്കും. ഇന്നും നാളെയും നിയമ നിര്‍മാണമാണ്. 12 മുതല്‍ ബജറ്റ് ചര്‍ച്ച തുടങ്ങും.
2013ലെ അബ്കാരി (ഭേദഗതി) ബില്‍, 2013ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ ഇന്നും 2013ലെ തിരുവിതാംകൂര്‍-കൊച്ചി, ഹിന്ദുമത സ്ഥാപനങ്ങള്‍ (ഭേദഗതി) ബില്‍, 2013ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ബില്‍ എന്നിവ നാളെയും സഭയില്‍ അവതരിപ്പിക്കും. ഇതിന് പുറമെ, 2013ലെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ബില്‍, 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ബില്‍, 2013ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പരിഗണിക്കും.
ജൂലൈ ഒന്‍പത്, പത്ത്, 11, 15, 17, 18 എന്നീ ദിവസങ്ങളും നിയമനിര്‍മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്.
ജൂണ്‍ 12 മുതല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളിലേക്കുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ജൂണ്‍ 12, 13, 17, 18, 19, 20, 24, 25, 25, 27, ജൂലൈ ഒന്ന്, രണ്ട്, നാല് തുടങ്ങി 13 ദിവസമാണ് ധനാഭ്യര്‍ഥനകളുടെ ചര്‍ച്ചക്കായി നീക്കിവെച്ചിരിക്കുന്നത്. ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ ജൂലൈ എട്ടിനും ജുലൈ 16നു ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ ജൂലൈ 17നു സഭ പരിഗണിക്കും.
രമേശിന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ടുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെ തന്നെ ഇല്ലാതാക്കിയ പശ്ചാത്തലം പ്രതിപക്ഷം നന്നായി ഉപയോഗപ്പെടുത്തുമെന്നുറപ്പാണ്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന അനിശ്ചിതത്വങ്ങള്‍ ഇനിയും നീങ്ങിയിട്ടുമില്ല. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ബന്ധം ഇനി പഴയത് പോലെയുണ്ടാകില്ലെന്ന രമേശിന്റെ മുന്നറിയിപ്പ് സഭയിലും പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ജാതി സംഘടനകളുടെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്തതും സര്‍ക്കാറിന്റെ ബലഹീനതയായി വ്യാഖ്യാനിക്കപ്പെടും. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ഉണ്ടാക്കിയ വിവാദങ്ങളും ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണിയുമെല്ലാം സഭയിലും സര്‍ക്കാറിന്റെ കെട്ടുറപ്പിനെ ബാധിച്ചേക്കാം. എന്തായാലും ഈ വിവാദങ്ങള്‍ തന്നെയാകും സഭയില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതും.
പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിലെ പാളിച്ചകളും സഭയില്‍ ഉന്നയിക്കപ്പെടും. ആദ്യദിവസം തന്നെ ഈ വിഷയം അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. മാലിന്യസംസ്‌കരണത്തിലെ വീഴ്ചയും മഴക്കാല പൂര്‍വശുചീകരണം നടപ്പാക്കുന്നതില്‍ വന്ന അപാകങ്ങളും ചോദ്യം ചെയ്യപ്പെടും. അവശ്യസാധന വില ഉപഭോക്താക്കളുടെ കൈപൊള്ളിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയവും ഉന്നയിക്കപ്പെടും.
കെ ആര്‍ ഗൗരിയമ്മക്കും ടി വി തോമസിനുമെതിരെ പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ഈ സമ്മേളന കാലത്ത് സഭയില്‍ വരും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തായാലും സഭയില്‍ ഇത് ഒച്ചപ്പാടാകുമെന്ന് ഉറപ്പ്.
അട്ടപ്പാടിയിലെ ശിശുമരണമാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു വിഷയം. സി പി എം നേതാക്കളെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി നാട് കടത്തുന്നുവെന്ന ആക്ഷേപം സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, കൊച്ചി മെട്രോ നിര്‍മാണം തുടങ്ങിയതും മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതുമെല്ലാം സര്‍ക്കാറിനെ അഭിനന്ദിക്കാന്‍ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷം വിഷയമാക്കും. ബോള്‍ഗാട്ടി, ലുലുമാള്‍ പദ്ധതിക്കെതിരായ സി പി എമ്മിന്റെ നീക്കവും ഭരണപക്ഷം ഉന്നയിക്കും.
പ്രതിപക്ഷത്തും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നതും സര്‍ക്കാറിന് ആശ്വസമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി എസ് അച്യുതാനന്ദനെ മാറ്റാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടും കേന്ദ്ര നേതൃത്വം തടഞ്ഞത് പാര്‍ട്ടിയുടെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടും.