വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡല്‍ഹി പോലീസ്‌

Posted on: June 10, 2013 9:15 am | Last updated: June 10, 2013 at 9:58 am
SHARE

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള 27 പേരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി പോലീസിന്റെ കത്ത്. വാതുവെപ്പിന് വലിയ തോതില്‍ ഹവാല പണം ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കത്ത് നല്‍കിയത്. കറാച്ചിയില്‍ നിന്നും ദുബൈയില്‍ നിന്നും ഹവാല പണം എത്തിയിരിക്കാമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നുവെന്നും അന്വേഷണം ഈ തലത്തില്‍ പോകേണ്ടതുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയാതായി ഡല്‍ഹി പോലീസിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തി. പണത്തിന്റെ ഉറവിടം കണ്ടെത്തുന്ന തരത്തിലുള്ള അന്വേഷണം വാതുവെപ്പ് കേസില്‍ നിര്‍ണായകമാണ്. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത രമേഷ് വ്യാസ് വാതുവെപ്പിലെ പ്രധാന കണ്ണിയാണ്. ഇയാളെ ഡല്‍ഹി പോലീസിന് വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കും. രാജ്യത്തിനും അകത്തും പുറത്തുമുള്ള വ്യക്തികളുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതിനിടെ ശ്രീശാന്തിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ ഇന്ന് വിധി പറയും.

Neeraj Kumar_PTI5_16_2013_000088B_Kandമോശം കളിക്കാരെ വേരോടെ പിഴുതെടുക്കാന്‍
സമയമായി: നീരജ് കുമാര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റെന്ന മികച്ച കളിയെ നശിപ്പിക്കുന്ന ചില മോശം കളിക്കാരെ വേരോടെ പിഴുതെടുക്കാന്‍ സമയമായതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ഐ പി എല്‍ ഒത്തുകളി കോടിക്കണക്കിന് ക്രിക്കറ്റ് ആധാരകരുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണ്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് കളിക്കാര്‍ക്കെതിരെ മോക്ക ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒത്തുകളി കേസില്‍ എതാനും ചിലര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവരെ പിടികൂടും. മാധ്യമ വിചാരണക്ക് വേണ്ടിയല്ല താന്‍ ഈ സ്ഥാനത്തിരിക്കുന്നത്. കേസ് കോടതി വിചാരണ ചെയ്യും. അതിനായി എല്ലാ തെളിവുകളും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കളിക്കാര്‍ ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസില്‍ അടുത്ത മാസം അവസാനം ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.

 

rr

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെയും കുന്ദ്രയുടെയും ഭാവി ഇന്ന് അറിയാം

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെയും സഹ ഉടമ രാജ് കുന്ദ്രയുടെയും ഭാവി ഇന്ന് തീരുമാനിക്കപ്പെട്ടേക്കും. ഇന്ന് ചേരുന്ന അടിയന്തര ബി സി സി ഐ യോഗത്തില്‍ ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകും. ഐ പി എല്‍ വാതുവെപ്പില്‍ താന്‍ മൂന്ന് വര്‍ഷമായി പങ്കെടുക്കുന്നുണ്ടെന്ന രാജ് കുന്ദ്ര ഡല്‍ഹി പോലീസിനോട് സമ്മതിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അടിയന്തര യോഗം ചേരാന്‍ ബി സി സി ഐ താത്ക്കാലിക അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ തീരുമാനിക്കുകയായിരുന്നു. വിവാദ വിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കാന്‍ ബി സി സി ഐക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. രാജ് കുന്ദ്രയുടെ കുറ്റങ്ങള്‍ തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹത്തെ സസ്പന്‍ഡ് ചെയ്യാന്‍ ഇന്ന് ചേരുന്ന യോഗം തീരുമാനമെടുത്തേക്കും. നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് വീണ്ടും ടീം ഉടമസ്ഥാനായി തുടരാന്‍ സാഹചര്യമുണ്ടെന്നും ഒരു ബി സി സി ഐ അംഗം വ്യക്തമാക്കി.
സെക്രട്ടറി സ്ഥാനം രാജിവെച്ച സഞ്ജയ് ജഗ്ദലെക്ക് പകരം സഞ്ജയ് പട്ടേലിനെ ആ സ്ഥാനത്തേക്ക് യോഗം തിരഞ്ഞെടുക്കും. ട്രഷറര്‍ സ്ഥാനം രാജിവെച്ച അജയ് ഷിര്‍ക്കെ പകരം കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ടി വെങ്കടേഷിന്റെ നിയമനവും ഇന്നത്തെ യോഗത്തിന്റെ അജന്‍ഡയാണ്. ഗുരുനാഥ് മെയ്യപ്പനെതിരായ കേസ് അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയമിച്ച ബി സി സി ഐ കുന്ദ്രക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാനുള്ള ചുമതലയും ഈ കമ്മീഷന് കൈമാറിയേക്കും.