Connect with us

Kerala

തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകന് പോലീസ് മര്‍ദനം

Published

|

Last Updated

തിരുവനന്തപുരം: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മര്‍ദനത്തില്‍ തലക്കും നെഞ്ചിനും പരുക്കേറ്റ കേരള വിഷന്‍ റിപ്പോര്‍ട്ടര്‍ ബിനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനകക്കുന്ന് കൊട്ടാരത്തിനു സമീപം ബൈക്കിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന മഫ്ടിയിലുള്ള പോലീസുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ബസ് ജീവനക്കാരനെ പോലീസ് മര്‍ദിക്കുന്നതിനിടെ അതുവഴി വന്ന ബിനീഷ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് പോലീസുകാര്‍ ബിനീഷിനെയും മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകനാണെന്നറിയിച്ചിട്ടും തൊട്ടുത്തുള്ള മ്യൂസിയം സ്റ്റേഷനില്‍ നിന്ന് ജീപ്പെത്തിച്ച് ഇയാളെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. തൊട്ടടുത്തുതന്നെയുള്ള സ്റ്റേഷനിലേക്ക് നേരിട്ടുവരാതെ ഇയാളെയും കൊണ്ട് ചുറ്റി വളഞ്ഞ് സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ജീപ്പില്‍ വെച്ച് ബിനീഷിനെ മര്‍ദിച്ചതിന് ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബസ് ജീവനക്കാരെ പോലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കൈമാറിയതിനെ തുടര്‍ന്നും മഫ്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സ്റ്റേഷന്‍ മുറ്റത്തിട്ട് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലും ബിനീഷിനെ ക്രൂരമായി മര്‍ദിച്ചു.
ഇതു തടയാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകരെയും പോലീസുകാര്‍ കൈയേറ്റം ചെയ്തു.
തുടര്‍ന്ന് പത്രപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഗ്രേഡ് എസ് ഐ ഇനായത്ത് അലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ആനന്ദക്കുട്ടന്‍ എന്നിവരെ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ ശ്രീനിവാസന്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഉള്‍പ്പെട്ടതായി ചൂണ്ടിക്കാട്ടിയ ഏഴ് പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇവര്‍ക്കെതിരായി നടപടി സ്വീകരിക്കുമെന്നും ഐ ജി മുഹമ്മദ് ദര്‍വേശ് സാഹിബ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഡി സി പിയോട് ഉത്തരവിട്ടു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടും കലക്ടറോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Latest