Connect with us

Kerala

കൊച്ചി മെട്രോ നിര്‍മാണത്തിന് കുടുംബശ്രീയുമെത്തുന്നു

Published

|

Last Updated

തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ പണിതുയര്‍ത്താന്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളുടെയും കരങ്ങള്‍.
കെട്ടിട നിര്‍മാണ മേഖലയില്‍ കുടുംബശ്രീ തന്നെ പരിശീലനം നല്‍കിയ തൊഴിലാളികളെ കൊച്ചി മെട്രോ നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനാണ് കുടുംബശ്രീയുടെ തീരുമാനം. കെട്ടിട നിര്‍മാണത്തിന് പുറമേ മരപ്പണികളിലും ഇലക്ട്രിക്ക് ജോലികളിലുമെല്ലാം കുടുംബശ്രീ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെയാണ് മെട്രോ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
മെട്രോ നിര്‍മാണത്തിന് ആവശ്യമായ അംഗങ്ങളെ തിരഞ്ഞെടുക്കല്‍ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനില്‍ ആരംഭിച്ചിട്ടുണ്ട്. 450ഓളം സ്ത്രീകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ നിന്ന് 200 പേരെയാണ് നിര്‍മാണ ജോലികള്‍ക്കായി തിരഞ്ഞെടുക്കുന്നത്. തൊഴിലാളികളെ പത്ത് പേര്‍ വീതമടങ്ങുന്ന 20 ഗ്രൂപ്പുകളാക്കി തിരിക്കും. ഇവര്‍ക്ക് മെട്രോ നിര്‍മാണത്തിന് ആവശ്യമായ പരിശീലനം നല്‍കിയ ശേഷമായിരിക്കും ജോലികള്‍ക്ക് നിയോഗിക്കുന്നത്.
പരിശീലനം നല്‍കിയ ശേഷം 200 പേരില്‍ നിന്ന് ഏറ്റവും വൈദഗ്ധ്യമുള്ളവരായി തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരായിരിക്കും ബാക്കിയുള്ള അംഗങ്ങളെ നിയന്ത്രിക്കുന്നത്. മെട്രോയുടെ പൈലിംഗ്. ഗ്രൗണ്ട് ജോലികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇവരെ പരിശീലനം പൂര്‍ത്തിയാക്കി നിര്‍മാണത്തിന് സജ്ജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മെട്രോ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഡല്‍ഹി മെട്രോ, ബംഗളൂരു മെട്രോ, ഹൈദരാബാദ് മെട്രോ ഇവയുടെ നിര്‍മാണത്തിനുണ്ടായിരുന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയെക്കൊണ്ട് ഇവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം ആലോചനയിലുണ്ട്.
എന്‍ ജി ഒയുമായി ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് മെട്രോ നിര്‍മാണങ്ങളില്‍ എന്‍ ജി ഒയിലെ പരിശീലനം നേടിയ സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്തിരുന്നു.
കുടുംബശ്രീക്ക് അംഗങ്ങളുടെ പരിശീലനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ഹഡ്‌കോയാണ് നല്‍കുന്നത്. ഹഡ്‌കോയുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി 95 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഇതുവരെ അനുവദിച്ചിട്ടുള്ളത്.
തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് അംഗങ്ങള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യവുമായി കുടുംബശ്രീ മുന്നിട്ടിറങ്ങിയത്. തദ്ദേശീയരായ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ തന്നെ പലസ്ഥലങ്ങളിലും ചെറിയ ജോലികള്‍ക്കുവരെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്.

Latest