Connect with us

National

കൊവ്വഡ ആണവ നിലയത്തിനെതിരെ പ്രക്ഷോഭം ശക്തം

Published

|

Last Updated

ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ ശ്രീകാകുളം ജില്ലയിലെ കൊവ്വഡയില്‍ ഭൂമിയേറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും സംസ്ഥാന സര്‍ക്കാറും. ആണവനിലയ നിര്‍മാണത്തിനെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പാണ് കാരണം.
1500 ഏക്കര്‍ ഭൂമിയാണ് നിലയം നിര്‍മിക്കാന്‍ ആവശ്യം. കൊവ്വഡ, രാമചന്ദ്രപുരം തെക്കാലി, കൊടാപാലം ഗ്രാമങ്ങളില്‍ നിന്നായി ഇനി 499 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് ഗ്രാമീണര്‍ ഒന്നടങ്കം രംഗത്തുവന്നതോടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
ആറ് മാസമായി റിലേ നിരാഹാര സമരം തുടരുകയാണ് ഗ്രാമീണര്‍. റിലേ സമരം 172 ദിവസം പിന്നിട്ടു. ഇവരുടെ സമരത്തിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയുണ്ട്. കൊവ്വഡ ആണവ നിലയം പരിസ്ഥിതിക്ക് ഭീഷണിയാണെന്ന് പറഞ്ഞ് ഗ്രാമീണരുടെ സമരത്തിന് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സി പി എം നേതാക്കളായ ഭാവിരി കൃഷ്ണമൂര്‍ത്തി, വി ജി കെ മൂര്‍ത്തി, പഞ്ചാടി പാപറാവു തുടങ്ങിയവര്‍. ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ സമരം തീവ്രമാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ കോഓര്‍ഡിനേറ്റര്‍ കാളിഷെട്ടി അപ്പലനായിഡു പറഞ്ഞു. നിലയം വന്നാല്‍ തങ്ങളുടെ ഏക ഉപജീവന മാര്‍ഗമായ മത്സ്യബന്ധനം മുടങ്ങുമെന്ന് തീരദേശക്കാര്‍ ഭയപ്പെടുന്നു.
അതേസമയം, നിലയം വന്നാലുണ്ടാകുന്ന വികസനത്തെയും മറ്റു ഗുണങ്ങളെയും സംബന്ധിച്ച് അധികൃതര്‍ വ്യാപക ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഗ്രാമീണര്‍ അതെല്ലാം തള്ളിക്കളയുകയാണ്. കല്‍പ്പാക്കത്ത് ഉള്ളത് പോലെ സുരക്ഷിതമായിരിക്കും ഇതെന്നും അധികൃതര്‍ ആവര്‍ത്താവര്‍ത്തിച്ച് പറയുന്നു.