വിവരാവകാശ നിയമത്തില്‍ ഭേദഗതിയില്ല

Posted on: June 10, 2013 8:58 am | Last updated: June 10, 2013 at 8:58 am
SHARE

rtiന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്നതിന് ഭേദഗതി പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ഉത്തരവിറക്കിയത് ഈയടുത്താണ്.
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സൂക്ഷ്മമായി പരിശോധിച്ചുവെന്നും തങ്ങള്‍ ഇടപെടേണ്ട ഒന്നുമില്ലെന്നും വിവരാവകാശ നിയമം നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന വകുപ്പായ പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കമ്മീഷന്റെ ഉത്തരവില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രയാസമുണ്ടെങ്കില്‍ അവര്‍ക്ക് പരിഹാരം തേടാവുന്നതാണ്. ആ പാര്‍ട്ടികള്‍ക്ക് കോടതിയെ സമീപിക്കാം. ഉത്തരവില്‍ എന്തെങ്കിലും വ്യക്തതക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ രേഖാമൂലം അറിയിക്കുകയാണെങ്കില്‍, നിയമവുമായി ബന്ധപ്പെട്ട് വ്യക്തതകള്‍ നല്‍കുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാര്‍ട്ടികള്‍ പൊതു അധികാര സംവിധാനത്തിലാണെന്നും അതിനാല്‍ വിവരാവാകശ നിയമമനുസരിച്ച് പൗരന്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടവരാണെന്നും കഴിഞ്ഞ മൂന്നിനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
കോണ്‍ഗ്രസ്, ബി ജെ പി, എന്‍ സി പി, സി പി എം, സി പി ഐ, ബി എസ് പി എന്നീ ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പരോക്ഷമായി ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അതിനാലാണ് പൊതു അധികാര സംവിധാനമായതെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.