മോഡിയെ തള്ളാനും കൊള്ളാനുമാകാതെ ജെ ഡി യു

Posted on: June 10, 2013 8:49 am | Last updated: June 10, 2013 at 8:50 am
SHARE

Janata-Dal-United-JDUപാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചാരണ സമിതി തലവനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നിയമിച്ചതില്‍ എന്‍ ഡി എയിലെ പ്രമുഖ കക്ഷിയായ ജനതാദള്‍ യുനെറ്റഡിന് സമ്മിശ്ര പ്രതികരണം. മോഡിക്ക് പ്രചാരണത്തിന്റെ ചുമതല നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ത്താതെ മൃദു സമീപനമാണ് ജെ ഡി യു സ്വീകരിച്ചത്. എന്‍ ഡി എയില്‍ നിന്നുകൊണ്ട് മോഡിക്കെതിരെ ശക്തമായി രംഗത്തുവന്ന കക്ഷിയാണ് ജെ ഡി യു. മോഡി ബി ജെ പിയുടെ പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ മാത്രമാണ്. എന്‍ ഡി എയുടെയല്ലെന്നാണ് ജെ ഡി യുവിന്റെ മുതിര്‍ന്ന നേതാവ് ദേവേഷ് ചന്ദ്ര താക്കൂര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
മോഡിക്ക് പുതിയ ചുമതലകള്‍ നല്‍കിയത് ബി ജെ പിയുടെ ആഭ്യന്തര വിഷയമാണ്. എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജെ ഡി യുവുമായി ചര്‍ച്ച നടത്തുമെന്ന് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താക്കൂര്‍ പറയുന്നു. മോഡിക്ക് അധികച്ചുമതല നല്‍കിയതോടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ ബീഹാറില്‍ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് യാത്രകള്‍ നരേന്ദ്ര മോഡിക്ക് നടത്തേണ്ടി വരുമെന്ന വ്യക്തമായ സൂചനയും ബി ജെ പി നേതാക്കള്‍ നല്‍കുന്നുണ്ട്.
2005ലാണ് ജെ ഡി യു- ബി ജെ പി സഖ്യം ബീഹാറില്‍ ഭരണം പിടിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലും സഖ്യം അധികാരത്തിലെത്തിയെങ്കിലും മോഡിയെ ബീഹാറില്‍ പ്രചാരണത്തിനിറക്കുന്നതിനെ നിതീഷ് കുമാര്‍ ശക്തമായാണ് എതിര്‍ത്തത്. മോഡി പ്രചാരണ രംഗത്തിറങ്ങുന്നതോടെ മുസ്‌ലിം വോട്ടുകള്‍ മുന്നണിക്ക് നഷ്ടമാകുമെന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചത്. 2010ല്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗം പാറ്റ്‌നയില്‍ നടക്കുന്നതിനിടെ നിതീഷ് കുമാറും മോഡിയും ചേര്‍ന്നുള്ള ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ നിതീഷെടുത്ത നിലപാട് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു. അഡ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അത്താഴ വിരുന്നിനുള്ള ക്ഷണം നിരസിച്ചാണ് നിതീഷ് ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍, നിലപാടുകള്‍ മയപ്പെടുത്തുന്ന രീതിയിലാണ് ജെ ഡി യുവിന്റെ ഇന്നലെ പുറത്തുവന്ന പ്രതികരണങ്ങള്‍. പാറ്റ്‌നയില്‍ നവംബറില്‍ നടക്കുന്ന ശക്തിപ്രകടനത്തില്‍ ബി ജെ പി ആഗ്രഹിക്കുന്നവരെ കൊണ്ടുവരാമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താക്കൂറിന്റെ പ്രതികരണം. ബീഹാറിലെ എന്‍ ഡി എക്ക് പുറമെ നിന്നുള്ള മോഡിയുടെ ആവശ്യമില്ലെന്നും ബീഹാറിലെ ‘സ്വന്തം മോഡി’ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയെന്നുമായിരുന്നു കഴിഞ്ഞ ആഴ്ച ജെ ഡി യു വക്താവ് നീരജ് കുമാറിന്റെ പ്രസ്താവന. ബീഹാര്‍ ഉപ മുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോഡി മതിയെന്നാണ് നീരജ് പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍, റാലിയില്‍ ആരെ പങ്കെടുപ്പിക്കണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന് പ്രസ്താവന മയപ്പെടുത്തിക്കൊണ്ട് നീരജ് ഇന്നലെ അഭിപ്രായപ്പെട്ടു.
അതേസമയം, മതേതര പ്രതിച്ഛായയുള്ളയാളെ മാത്രമേ എന്‍ ഡി എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കൂ എന്ന നിലപാടില്‍ ജെ ഡി യു നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വയം ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കെതിരെ ജെ ഡിയു ചുവപ്പ് കൊടി ഉയര്‍ത്തുമെന്ന് തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.