ഇന്ത്യയിലെ ഇന്റര്‍നെറ്റ് സന്ദേശങ്ങളും ഇ മെയിലുകളും അമേരിക്ക ചോര്‍ത്തുന്നു

Posted on: June 10, 2013 8:41 am | Last updated: June 10, 2013 at 8:41 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് സന്ദേശങ്ങളും ഇ മെയിലുകളും അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ചോര്‍ത്തുന്നതായി ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ച് വരെ ഇത്തരത്തില്‍ 630 കോടി രഹസ്യാന്വേഷണ സന്ദേശങ്ങള്‍ ചോര്‍ത്തി. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നിരീക്ഷണത്തിലിരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പത്രം വ്യക്തമാക്കുന്നു. ഇറാനാണ് പട്ടികയില്‍ ഒന്നാമത്. 1400 കോടി രഹസ്യ വിവരങ്ങളാണ് ഇറാനില്‍ നിന്ന് ചോര്‍ത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് 1350 കോടിയും ജോര്‍ദാനില്‍ നിന്ന് 1270 കോടിയും ഈജിപ്തില്‍ നിന്ന് 760 കോടിയും വിവരങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ലോകത്താകമാനം 9700 കോടി വിവരങ്ങള്‍ ശേഖരിച്ചതായി പത്രം ചൂണ്ടിക്കാട്ടുന്നു. രഹസ്യ സന്ദേശങ്ങളുടെ ഉറവിടം അറിയുന്നതിനും ഇത് റെക്കോര്‍ഡ് ചെയ്യുന്നതിനുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ എന്‍ എസ് എ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രിസം എന്നാണ് ചോര്‍ത്തലിന് എന്‍ എസ് എ പേര് നല്‍കിയത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍, എ ഒ എല്‍, ആപ്പിള്‍. യാഹൂ, മൈക്രോസോഫ്റ്റ്, സ്‌കൈപ്പ്, ഫേസ്ബുക്ക്, യൂടൂബ് തുടങ്ങിയ ഒമ്പത് കമ്പനികളുടെ സെര്‍വര്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് കൂട്ടുനിന്നുവെന്നുള്ള ആരോപണങ്ങളെ ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഗൂഗിള്‍ സി ഇ ഒ ലാറി പേജും തള്ളിക്കളഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കക്കാരല്ലാത്തവരെ ലക്ഷ്യമിട്ടാണ് എന്‍ എസ് എ വിവരങ്ങള്‍ ചോര്‍ത്തിയത്. ആര്‍ക്കും നൂറ് ശതമാനം സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫോണ്‍, നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യം ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. വിക്കിലീക്‌സിന് ശേഷം സര്‍ക്കാറിനെ വിഷമത്തിലാക്കിയ ഏറ്റവും വലിയ രഹസ്യച്ചോര്‍ച്ചയാണ് ഇത്.