അപ്പോള്‍ ഇതൊക്കെയാണ് ഇന്റലിജന്‍സിന്റെ പണി

Posted on: June 10, 2013 8:30 am | Last updated: June 10, 2013 at 8:30 am
SHARE

ഭരണകൂടം സ്വന്തം ജനങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് പുതിയ കാര്യമല്ല. ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടല്ല, ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇത്തരം ചാര പ്രവര്‍ത്തനം അനിവാര്യമായി വരുന്നത്. വിശ്വാസരാഹിത്യം തങ്ങളുടെ സ്ഥിരതക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നു വരുമോ എന്ന് അറിയുകയും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പാകത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ഈ ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. അതിനപ്പുറത്ത് ഭീകരവാദ/തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരുകള്‍ ആഴ്ത്തുന്നുണ്ടോ, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവരില്‍ അനുതാപമുണ്ടാകുന്നുണ്ടോ എന്ന കണ്ടെത്തല്‍ കൂടി ഇത്തരം ചാര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിന്ന് പൗരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയെടുക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ഭരണകൂടം വരെ തയ്യാറാകുന്നതും ഈ വിവരശേഖരണം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ തുറന്ന് പറയുന്നതും ഭരണകൂടം ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നതിന് തെളിവാണ്. ഒരുപക്ഷേ, ശത്രു രാജ്യത്തിന്റെ രഹസ്യങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിക്കുന്ന സമ്പത്തിനേക്കാള്‍ (മനുഷ്യ വിഭവശേഷിയായാലും പണമായാലും) ഏറെ അധികം സ്വന്തം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭരണകൂടങ്ങള്‍ ചെലവിടുന്നുണ്ടാകണം.
കേന്ദ്ര ഇന്റലിജന്‍സ്, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ എന്നിവ ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊന്നല്ല. ഈ വിവരശേഖരണത്തിന്റെ പ്രധാന ന്യൂനത, ഭരണത്തിലിരിക്കുന്ന കക്ഷിക്ക്/കക്ഷികള്‍ക്ക്/വ്യക്തികള്‍ക്ക് ഹിതകരമായവയാകും പ്രധാനമായും സമര്‍പ്പിക്കപ്പെടുക എന്നതാണ്. ആഗോളതലത്തില്‍ തന്നെ ചില പ്രത്യേക വിഭാഗങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രധാന ലക്ഷ്യമാണ്. ‘ഇസ്‌ലാമിക തീവ്രവാദ’മെന്നത്, ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിക്കപ്പെട്ടതിന് ശേഷം, മുസ്‌ലിംകള്‍ വിവരശേഖരണ ഏജന്‍സികളുടെ ലക്ഷ്യങ്ങളില്‍ പ്രധാന ഇനമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍പ്പോലും അതങ്ങനെയാകുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. അതുകൊണ്ട് തന്നെ വിവരശേഖരണം സൃഷ്ടിച്ച ഇരകളില്‍ ഭൂരിഭാഗവും അവര്‍ തന്നെ. ഇന്ത്യയിലെ സാഹചര്യവും ഏറെ ഭിന്നമല്ല. മുസ്‌ലിംകളോ ഇടത് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുള്ളവരോ അതിനോട് അനുഭാവം മനസ്സിലെങ്കിലും സൂക്ഷിക്കുന്നവരോ ഇരകളാക്കപ്പെടുന്നു. അതുകൊണ്ടാണ് ആദിവാസികേന്ദ്രങ്ങളില്‍ വാര്‍ത്താ ശേഖരണാര്‍ഥമെത്തുന്നവര്‍ പോലും പൊടുന്നനെ മാവോയിസ്റ്റ് അനുഭാവികളായി ചിത്രീകരിക്കപ്പെടുന്നതും കസ്റ്റഡിയിലാകുന്നതും.
ഭരണ നേതൃത്വത്തിന് ഹിതകരമായ വിവര ശേഖരണം മാത്രമല്ല, ഇവിടെ നടക്കുന്നത്. ഭരണകൂടത്തിനോ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കോ ഉപയോഗിക്കാന്‍ പാകത്തില്‍ വ്യാജ വിവരങ്ങള്‍ ചമച്ച് നല്‍കുന്നുമുണ്ടെന്ന് സംശയിക്കണം. നേരത്തെ തന്നെ ഉയര്‍ന്ന സംശയം സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവീദ് ഗുലാം ശൈഖ്, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുവെച്ച് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ സംഘാംഗങ്ങളായ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു പോലീസ് പുറത്തുവിട്ട വിവരം. ആദ്യ ദിനങ്ങളില്‍ പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. വൈകാതെ ചോദ്യങ്ങളുയര്‍ന്നു. മുംബൈ സ്വദേശിയായ ഇശ്‌റത്തിന്റെ ബന്ധുക്കളും ജാവീദിന്റെ പിതാവ് ഗോപിനാഥ പിള്ളയും നടത്തിയ നിയമയുദ്ധം, ഏറ്റുമുട്ടലെന്ന ഗുജറാത്ത് പോലീസിന്റെ വാദത്തെ പൊളിച്ചുകളഞ്ഞു. ഇശ്‌റത്തിനെയും ജാവീദിനെയും മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന്, നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ പിടിയാലിയാരുന്ന മറ്റ് രണ്ട് പേര്‍ക്കൊപ്പം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അംജദ് അലി റാണയും സീഷന്‍ ജോഹറും പാക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ്, കൊല നടത്തിയ കാലത്ത് ഗുജറാത്ത് പോലീസ് പറഞ്ഞിരുന്നത്. ഇത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരാണ്, വിചാരണക്കുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വാദം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തന്നെ ഇവരെ നാല് പേരെ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരവാദികളായി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരികതയും തര്‍ക്ക വിഷയമായിരുന്നു. സംസ്ഥാന ഇന്റലിജന്‍സല്ല ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടറായിരുന്ന രാജേന്ദ്ര കുമാറെന്ന ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു. സംസ്ഥാന ഇന്റലിജന്‍സ്, നരേന്ദ്ര മോഡിയുടെ കീഴില്‍ വരുന്നതാകയാല്‍ അവര്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനിടയുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ആധികാരികമാണെന്നും അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിലാണ് നാല് പേരെയും വധിച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദം തന്നെയാണ് ബി ജെ പി കേന്ദ്ര നേതൃത്വവും ഏറ്റുപാടിയിരുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടര്‍ ആസ്ഥാനത്തേക്ക് കൈമാറുകയും അവിടെ നിന്ന് സംസ്ഥാന പോലീസിന് നീട്ടിനല്‍കുകയും ചെയ്ത പ്രസ്തുത റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തില്ല.
ഇശ്‌റത്തും ജാവീദും അംജദും ജോഹറും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജ സൃഷ്ടിയായിരുന്നുവെന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനി(സി ബി ഐ)ലെ ഉദ്യോഗസ്ഥരുടെ നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാറിനെ അവര്‍ ചോദ്യം ചെയ്തിരുന്നു.
ഈ കേസില്‍ മാത്രമല്ല ഇത്തരം ദുരൂഹമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ളത്. സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന സാദിഖ് ജമാല്‍ എന്ന യുവാവിനെ അഹമ്മദാബാദിലെ തെരുവില്‍ ഗുജറാത്ത് പോലീസ് വെടിവെച്ചിട്ടത് 2003 ജനുവരി 13നാണ്. ‘ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനായിരുന്നു സാദിഖ് ജമാല്‍’, എന്ന കേന്ദ്ര ഇന്റലിജന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടാണ് ഈ കൊലക്കും ന്യായീകരണമായുണ്ടായിരുന്നത്. സാദിഖ് ജമാലിനെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അന്വേഷണങ്ങളില്‍ ഇപ്പോള്‍ തെളിയുന്നത്. അപ്പോള്‍ പിന്നെ ഈ കൊലക്ക് കാരണമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരിതകയും സംശയിക്കണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാദിഖിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞത് എട്ട് ഏറ്റുമുട്ടല്‍ കൊലകളെങ്കിലും അഹമ്മദാബാദിലെ തെരുവുകളിലുണ്ടായി. ഇവയിലെല്ലാം കൊല്ലപ്പെട്ടവരുടെ ലശ്കറെ ത്വയ്യിബ ബന്ധം വ്യക്തമാക്കുന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ്, നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഗുജറാത്ത് പോലീസും ഭരണകൂടവും ഉപയോഗിച്ചിരുന്നത്. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും (സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസാണ് മൂന്നാമത്തേത്) ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതായിരുന്നുവെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. മറ്റ് ഏറ്റുമുട്ടല്‍ കൊലകളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് ചമക്കപ്പെട്ടുവെന്ന് അന്വേഷണം നടക്കേണ്ടതുണ്ട്.
നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകര്‍ നിരന്തരമെത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടത് യാദൃച്ഛികമാകുമെന്ന് വിലയിരുത്തിയാല്‍ ഭോഷ്‌കാകും. 2002ലെ ഗുജറാത്ത് വംശഹത്യ, മോഡിയുടെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചിരുന്നു. വംശഹത്യക്ക് എല്ലാ പിന്തുണയും നല്‍കിയെന്ന ആരോപണം നേരിടുകയും ചെയ്യുന്നു. ഭീതിയുടെ അന്തരീക്ഷം മുതലെടുത്ത് ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയെങ്കിലും പ്രതിച്ഛായാ നഷ്ടം വലുതാണ്. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങുമ്പോഴും എന്‍ ഡി എയിലെ ഘടകകക്ഷികളില്‍ ചിലതെങ്കിലും മോഡിയെ അംഗീകരിക്കാതിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോശം പ്രതിച്ഛായ ഇല്ലാതാക്കാന്‍ ഫലപ്രദമായ ആയുധമായി ഏറ്റുമുട്ടല്‍ കൊലകളെ നരേന്ദ്ര മോഡി ഉപയോഗിച്ചിരുന്നുവോ? ആ തന്ത്രത്തിന് കേന്ദ്ര ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ അരു നിന്നുവോ? ലശ്കറെ ത്വയ്യിബ നിരന്തരം വേട്ടയാടുന്ന നേതാവ് എന്നതിനപ്പുറം ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീതി പിടിച്ചുപറ്റാന്‍ പറ്റിയ ആയുധം മറ്റൊന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ ബാധ്യതയാണ്. ഇന്റലിജന്‍സ് ഏജന്‍സികളിലെയും പോലീസിലെയും എന്തിന് പട്ടാളത്തിലെപ്പോലും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സമ്പൂര്‍ണാധികാര ലബ്ധി ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ നിലവിലുണ്ട്. നരേന്ദ്ര മോഡിക്ക് വേണ്ടി കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി എന്നതും ആ റിപ്പോര്‍ട്ട്, വിശ്വസിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ആസ്ഥാനം തയ്യാറായി എന്നതും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന ആരിലും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. ഇത്രയൊക്കെയായിട്ടും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വതമോ ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്ര ഭരണകൂടമോ ഒരന്വേഷണത്തിനും തയ്യാറാകുന്നതേയില്ല. മലേഗാവ് സ്‌ഫോടനക്കേസില്‍ മുസ്‌ലിം ചെറുപ്പക്കാരെ ആരോപണവിധേയരാക്കി അറസ്റ്റ് ചെയ്തതിന് പിറകില്‍ മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിലും അടുത്തിടെ കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് നടപടികളുണ്ടായിട്ടില്ല.
ജനങ്ങള്‍ക്കുമേല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികളെ, അവയുടെ വീഴ്ചകള്‍ പുറത്തുവന്നാല്‍പ്പോലും തള്ളിപ്പറയാന്‍ ഭരണകൂടത്തിന് മടിയുണ്ടാകും. അതുകൊണ്ടാകും അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്തത്. ഈ വിഭാഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിക്കും രാജ്യം (ഇപ്പോള്‍ രാജ്യമെന്നാല്‍ ഭരണകൂടമാണ്) തയ്യാറാകരുതല്ലോ? ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പൗരന്‍മാരുടെയാകെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന അമേരിക്കന്‍ മാതൃകയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇന്റലിജന്‍സ് ഏജന്‍സികളെ തള്ളിപ്പറയുമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റ് തന്നെ.