അമിതവണ്ണം, പ്രമേഹം;നൂതന ചികിത്സ ലഭ്യമെന്ന് ഡോക്ടര്‍മാര്‍

Posted on: June 9, 2013 8:15 pm | Last updated: June 9, 2013 at 8:16 pm
SHARE

mid section view of a man sitting on a bench in a park

ദുബൈ: അമിത വണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സക്ക് ശസ്ത്രക്രിയ ലോക വ്യാപകമായി അംഗീകാരം നേടിയിരിക്കുകയാണെന്ന് ഡോ. ഗിരീഷ് ജുനേജ, ഡോ. ആര്‍ പത്മകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘ബാരിയാട്രിക് സര്‍ജറി’കള്‍ ഗള്‍ഫിലും നടന്നുവരുന്നു. ഗാസ്ട്രിക് ബലൂണ്‍, ഗാസ്ട്രിക് ബാന്റ്, സ്ലീവ് ഗാസ്‌ട്രോക്ടമി തുടങ്ങിയവയാണ് ശസ്ത്രക്രിയകള്‍. കൊഴുപ്പ് അടിഞ്ഞുകൂടിയ വയറിനകത്തേക്ക് വായ്ദ്വാരം വഴി ബലൂണ്‍ കടത്തി, കൊഴുപ്പുകള്‍ അതില്‍ നിക്ഷേപിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുന്നതിനെയാണ് ഗാസ്ട്രിക് ബലൂണ്‍ എന്ന് പറയുന്നത്. ആറു മാസം കഴിഞ്ഞ് ബലൂണിലെ കൊഴുപ്പ്, വായ് ദ്വാരം വഴി കുഴലിട്ട് ബലൂണില്‍ നിന്ന് നീക്കം ചെയ്യും. ഗാസ്ട്രിക് ബാന്റ് എന്നാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ്. കുടലിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുക വഴി അമിത വണ്ണം കുറക്കാന്‍ കഴിയും. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് തുടര്‍ ചികിത്സ ആവശ്യമാണെന്ന് ഡോ. ഗിരീഷ് ജുനേജ പറഞ്ഞു.
താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി കൊഴുപ്പ് മുറിച്ചു മാറ്റുന്ന ചികിത്സ പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഫലപ്രദമാണെന്ന് ഡോ. ആര്‍ പത്മകുമാര്‍ അറിയിച്ചു. കരളിനകത്ത് വരെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ജീവിതശൈലിയാണ് കേരളീയര്‍ ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബിനാണ് ഒന്നാം സ്ഥാനം. യു എ ഇയില്‍ 40 ശതമാനം ആളുകള്‍ ഭാരക്കൂടുതല്‍ ഉള്ളവരും 15.8 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരുമാണ്. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം 20 വര്‍ഷത്തിനിടയില്‍ ഇരട്ടിയായി. ഇവര്‍ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയ ഫലപ്രദമാകും. ശരീരത്തിന്റെ വണ്ണം കുറക്കാനും കുടവയര്‍ ഒഴിവാക്കാനും അതിനൂതന വിദ്യയുമായി ആരോഗ്യശാസ്ത്രം എത്തിയിട്ടുണ്ട്. ലാപ്പറോസ്‌കോപ്പിയുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ രീതിയാണ് അവലംബിക്കുന്നത്.
അമിത വണ്ണം മൂലം പാന്‍ക്രിയാസിനും ക്ഷീണം സംഭവിക്കും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടുന്നത് പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശരീരം ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റാതെ വരും. പാന്‍ക്രിയാസില്‍ കൊഴുപ്പടിഞ്ഞും അതിന്റെ പ്രവര്‍ത്തനം കുറക്കും. ഒബേസിറ്റി കൊണ്ടുള്ള മറ്റൊരു ബുദ്ധിമുട്ട് സന്ധികളെ ബാധിക്കുന്ന വേദനകളും മറ്റു രോഗങ്ങളുമാണ്. സന്ധികളിലെ ലിഗമെന്‍സിന് ക്ഷണീണം വരുമ്പോള്‍ അസ്ഥികള്‍ കൂട്ടിയുരുമ്മി നീര് വരിക, നടക്കാന്‍ പ്രയാസം വരിക എന്നിവയുണ്ടാകും. തുടര്‍ന്ന് തേയ്മാനവും വേദനയും ഉണ്ടാകും.
അമിത വണ്ണം ഉണ്ടാകുമ്പോള്‍ ചില മാനസിക പ്രശ്‌നങ്ങള്‍ക്ക് കൂടി ഇടയാകും. ശരീരത്തിന്റെയും വിവിധ ഭാഗങ്ങളുടെയും അപ്പിയറന്‍സ് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസിക വിഷമം അമിത വണ്ണത്തിന്റെ അനന്തര ഫലമാണ്. അസുഖങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദവും വര്‍ധിപ്പിക്കും. സ്മാര്‍ട്ടായി സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റാതെ വരും. ചെറിയ പ്രായത്തില്‍ ഒബേസിറ്റി വരുന്നവര്‍ക്ക് വന്ധ്യതക്കും സാധ്യതയേറുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കൂടുതലും സ്ത്രീകളിലാണ് വന്ധ്യത കൂടുതലാവുക. തടി കൂടുതലുള്ള സ്ത്രീകളില്‍ പോളി സിസ്റ്റിക് ഒവാലിന്‍ ഡിസീസ് സാധ്യതയുണ്ട്.
അമിതവണ്ണം-പരിഹാരമാര്‍ഗങ്ങള്‍: ഭക്ഷണരീതി നിയന്ത്രിക്കലും വ്യായാമശീലം വര്‍ധിപ്പിക്കലും അമിത വണ്ണം നിയന്ത്രിക്കാന്‍ സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങളാണ്. വിശപ്പ് കുറക്കുന്നതിനുള്ള മരുന്നുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിച്ചാല്‍ ഒബേസിറ്റി നിയന്ത്രിക്കാനാകും.
അമിത വണ്ണത്തിനുള്ള സ്ഥായിയായ പരിഹാരം ശസ്ത്രക്രിയയാണ്. ആമാശയത്തിന്റെ അളവ് കുറക്കുക, ആമാശയത്തിലെത്തുന്ന ആഹാരം കുടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് തിരിച്ചു വിടുക എന്നതാണ് ശസ്ത്രക്രിയയിലൂടെ പ്രധാനമായും ചെയ്യുന്നത്-ഡോ. പത്മകുമാര്‍ പറഞ്ഞു.

ശസ്ത്രക്രിയ: അമിത വണ്ണം കുറഞ്ഞു

ദുബൈ: താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി അമിത വണ്ണത്തില്‍ നിന്നും പ്രമേഹ രോഗത്തില്‍ നിന്നും മുക്തി നേടിയതായി മാവേലിക്കര സ്വദേശി വിജയാ പിള്ള (50), പുത്തന്‍ പള്ളി സ്വദേശി ഷക്കീല (28) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്ത് വര്‍ഷമായി പ്രമേഹമായിരുന്നു. താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയ ശേഷം പ്രമേഹം അനുഭവപ്പെടുന്നില്ല. മധുരം കഴിക്കാന്‍ വരെ കഴിയുന്നു. വിജയാപിള്ള പറഞ്ഞു. ശസ്ത്രക്രിയക്കു മുമ്പ് നൂറ് കിലോ ഭാരമുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയക്കു ശേഷം 64 കിലോ ആയി കുറഞ്ഞുവെന്നും അബുദാബിയിലുള്ള ഷക്കീല പറഞ്ഞു. എട്ടു മാസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അവര്‍ പറഞ്ഞു.