Connect with us

Gulf

അതുല്യം ഈ കാരുണ്യ കൈനീട്ടം

Published

|

Last Updated

മകളുടെ ചികിത്സക്ക് ഗന്ത്യന്തരമില്ലാതെ പരിചയക്കാരനില്‍ നിന്ന് 9,000 ദിര്‍ഹം കടം വാങ്ങി കൃത്യസമയത്ത് തിരിച്ചു നല്‍കാന്‍ കഴിയാതെ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടി വന്ന ഹതഭാഗ്യനായ ഒരു പ്രവാസി. അദ്ദേഹത്തിന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ പലരും അറിഞ്ഞു. കൂട്ടത്തില്‍ അബുദാബി സായിദ് യൂനിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ഥികളുടെ കാതിലുമെത്തി. അവരിലെ മാനവിക ഉണര്‍ന്നു. അവര്‍ സംഘടിച്ചു. ഇദ്ദേഹത്തെ ഒരു കൈ സഹായിക്കാന്‍ അവരുടെ മനസും ശരീരവും ഒന്നിച്ചു. ഇദ്ദേഹത്തെ കുറിച്ച് അവര്‍ പഠിച്ചു.
നാട് വിടുന്ന സമയത്ത് ഗര്‍ഭിണിയായ ഭാര്യ പ്രസവിച്ച, താന്‍ കണ്ടിട്ടില്ലാത്ത കൊച്ചുമോളുടെ ചികിത്സക്ക് സുഹൃത്തില്‍ നിന്ന് കടം വാങ്ങാന്‍ നിര്‍ബന്ധിതനായി. അബുദാബിയിലെ ഒരു കാര്‍ ആക്‌സസറീസ് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലി മുന്നില്‍കണ്ടാണ് കടം വാങ്ങിയതെങ്കിലും വൈകാതെ അത് നഷ്ടപ്പെട്ടു. കടം വാങ്ങിയ ആളോട് കാര്യം പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കായില്ല. കേസായി, നിയമനടപടികള്‍ ആരംഭിച്ചു. ബാധ്യത തീര്‍ക്കുന്നതു വരെ ജയില്‍ ശിക്ഷ വിധിച്ചു.
അനിശ്ചിതമായ ഈ ജയില്‍വാസത്തിനിടെയാണ് ഇദ്ദേഹത്തിന്റെ കദന കഥ പുറംലോകമറിഞ്ഞത്. കരുണാര്‍ദ്ര ഹൃദയമുള്ള സ്വദേശി വിദ്യാര്‍ഥിനികളുടെ കൂട്ടായ്മ ലക്ഷ്യത്തിലെത്തി. 54,000 ദിര്‍ഹം പലരില്‍ നിന്നുമായി സ്വരൂപിച്ച് അധികൃതരെ ഏല്‍പ്പിച്ചു. അപരിചിതനായ ഒരു പ്രവാസിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അവരുടെ കാരുണ്യക്കൈനീട്ടം.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്കകം ഇയാള്‍ ജയില്‍ മോചിതനായി, ഇതുവരെ കാണാത്ത കൊച്ചുമോളെ കാണാന്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ് അദ്ദേഹം. ചെറിയ സംഖ്യയുടെ പേരില്‍ ഇത്തരത്തില്‍ ജയിലിലകപ്പെട്ട് ജീവിതം വഴിമുട്ടിയ ആളുകളെ സഹായിക്കാന്‍ ബാക്കി വന്ന തുക ചെലവഴിക്കുമെന്നും മേലിലും ഇത്തരം പ്രവര്‍ത്തനങ്ങളും ഇടപെടലുകളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഈ വിദ്യാര്‍ഥിക്കൂട്ടം പറയുന്നു.
പലരും ശ്രദ്ധിക്കാതെ പോയ പല വാര്‍ത്തകള്‍ക്കിടയില്‍ ഒരു വാര്‍ത്ത എന്നതിലുപരി, ജീവിതത്തിന്റെ ചില അനിവാര്യ ഘട്ടങ്ങളില്‍ കടക്കാരനാകേണ്ടിവന്ന ഒരു പാവം പ്രവാസിയുടെ ആരും അറിയാതെ പോയ നൊമ്പരവും ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവിത ദുരിതത്തിന്റെ ഇരുട്ടില്‍ കാരുണ്യം കാണിച്ച ഒരുപറ്റം നല്ല മനസുകളുടെ നേര്‍ ചിത്രവും ഈ കഥ നമ്മളേവരുടെയും മനസിനെ തൊട്ടുണര്‍ത്തുന്നു. കാരണം നമ്മളെല്ലാം പ്രവാസികളാണല്ലോ!
ഈ സംഭവത്തിലെ പ്രവാസി ഏത് രാജ്യക്കാരനാണെന്നു നമുക്ക് വിസ്മരിക്കാം. അയാള്‍ അഭിമുഖീകരിക്കുന്ന ആന്തരിക വേദനയുടെ ആഴം മാത്രം നമുക്കറിയാന്‍ ശ്രമിക്കാം. മനസ് നൊമ്പരപ്പെട്ട് കാരുണ്യത്തിന്റെ ഒരിറ്റ് കണ്ണീര്‍ കൊണ്ട് ഇത്തരം പരീക്ഷണത്തിന്റെ തീജ്വാലകളെ അണക്കാന്‍ നമുക്കാകണം. അതിനായുള്ള കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടണം.
നിലവിലുള്ള കൂട്ടായ്മകളുടെ ഊര്‍ജത്തിന്റെ നല്ലൊരു പങ്ക് ഈ വഴിക്ക് തിരിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ട, ഇരുളടഞ്ഞ ജീവിതത്തിനു വെളിച്ചം നല്‍കാന്‍ നമ്മിലൊരാളുടെ നോക്കോ വാക്കോ കാരണമായെങ്കില്‍ അയാളെത്ര ഭാഗ്യവാന്‍. നാം നമുക്ക് ചുറ്റും അന്വേഷിക്കുക, മാനവീകതയുടെ മനസുകൊണ്ട്. നമുക്കു ചുറ്റും നോക്കുക, മനഃസാക്ഷിയുടെ കണ്ണുകൊണ്ട്. തീര്‍ച്ചയായും നമുക്കിടയില്‍ തന്നെ ധാരാളം ആളുകള്‍ ഇത്തരത്തിലുണ്ടാവില്ലേ .

Latest