ഷാര്‍ജയില്‍ മുങ്ങിമരണം ഇരട്ടിച്ചു

Posted on: June 9, 2013 8:04 pm | Last updated: June 9, 2013 at 8:04 pm
SHARE

കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. 2011 നെ അപേക്ഷിച്ച് 2012ല്‍ മുങ്ങി മരിച്ചവരുടെ എണ്ണം ഇരട്ടിയായതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. 2011ല്‍ ഏഴ് മുങ്ങിമരണമാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2012ല്‍ 15 ആയി വര്‍ധിച്ചു. അല്‍ ഖാന്‍, അല്‍ മംസാര്‍ മേഖലകളിലാണ് മുങ്ങി മരണം കൂടുതലും. ഒടുവിലായി ജൂണ്‍ നാലിന് 37 കാരനായ സ്വദേശി യുവാവാണ് മുങ്ങി മരിച്ചത്. ഷാര്‍ജ ലേഡീസ് ക്ലബ്ബിന്റെ പിറകുവശത്തെ കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
അതേസമയം ഈ വര്‍ഷം ഈ മേഖലയില്‍ നാല് പേര്‍ മുങ്ങി മരിച്ചതായാണ് കണക്ക്. മോശം കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് പലപ്പോഴും മുങ്ങിമരണത്തിനിടയാക്കുന്നത്.
എന്നാല്‍ പോലീസ് നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും മരണ തോത് വര്‍ധിപ്പിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാാക്കി.
കര്‍ശനമായ നിരോധമുള്ള സ്ഥലത്ത് ആളുകള്‍ കുളിക്കാന്‍ ഇറങ്ങുന്നു. ബീച്ചുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് ഗൗനിക്കാറില്ല-കേണല്‍ ഉമര്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.
റെസ്‌ക്യൂ സംഘവും ആംബുലന്‍സും സദാസമയം തീരദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമാണ്. കടലില്‍ കുളിക്കാനിറങ്ങുന്നതുമായി ബന്ധപ്പെട്ട് പോലീസ് ബോധവത്കരണം നടത്തും. കടലിലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസിനെ ഉടന്‍ വിവരമറിയിക്കുകയും വേണം-ഉമര്‍ അബ്ദുല്ല പറഞ്ഞു.
ചൂട് കനത്തതോടെ ധാരാളം പേര്‍ കടലില്‍ കുളിക്കാനിറങ്ങു. ഈ സാഹചര്യത്തില്‍ അപകട സാധ്യതയും ഏറെയാണ്. പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.