അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം 16,500 തൊഴില്‍ പരാതികള്‍

Posted on: June 9, 2013 8:01 pm | Last updated: June 9, 2013 at 8:03 pm
SHARE

അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബി ലേബര്‍ ഓഫീസ് 16,500 തൊഴില്‍ പരാതികള്‍ കൈകാര്യം ചെയ്തതായി തൊഴില്‍ മന്ത്രാലയം. ഒരു ദിവസം ശരാശരി 60 പരാതികള്‍. സ്ഥാപന ഉടമകള്‍ക്കെതിരെ തൊഴിലാളികളുടെയും തിരിച്ചുമുള്ള പരാതികള്‍ ഇതില്‍പ്പെടും.
ഇതില്‍ 54 ശതമാനം പരാതികളും ഒരു ദിവസത്തിനകം തന്നെ പരിഹരിച്ചു. ലേബര്‍ കോടതിയിലെത്തുന്നതിന് മുമ്പ് തന്നെ ഇരു കക്ഷികളെയും വിളിച്ചുവരുത്തി ഒരു ദിവസത്തിനകം തന്നെ പരിഹരിച്ച കേസുകള്‍കളുടെ എണ്ണം 8,650 ആണ്. ലേബര്‍ കോടതിയുടെ ഇടപെടല്‍ കാരണം തീര്‍പ്പാക്കാന്‍ കഴിയാതെ വന്ന 2,736 കേസുകള്‍ മറ്റു ബന്ധപ്പെട്ട കോടതികളിലേക്ക് മാറ്റുകയുണ്ടായി.
ഏകപക്ഷീയമായ പിരിച്ചുവിടല്‍, ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുമ്പോള്‍ ലഭിക്കേണ്ട ഗ്രാറ്റിവിറ്റി, ശമ്പളം താമസിപ്പിക്കുക, ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു മിക്ക പരാതികളുമെന്ന് അബുദാബി ലേബര്‍ ഓഫീസ് ഡയറക്ടര്‍ ഖാസിം മുഹമ്മദ് ജമീല്‍ അറിയിച്ചു.
പരാതികള്‍ ലഭിച്ച ഉടനെ ഇരു കക്ഷികളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന പ്രത്യേക സെല്‍ അബുദാബി തൊഴില്‍ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നതവാസല്‍ എന്നാണ് ഈ സെല്ലിന്റെ പേര്. പല പരാതികളും അന്നേ ദിവസം പരിഹരിക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.
ഇതില്‍ പരിഹാരമാകാത്ത പരാതികള്‍ മാത്രം ലേബര്‍ കോടതിയിലേക്കും അവിടെയും തീര്‍പ്പാക്കാത്തവ മറ്റു ബന്ധപ്പെട്ട കോടതികളിലേക്കും മാറ്റുകയാണ് പതിവ്.