വാജ്‌പേയിയുടെ ചികിത്സാ ചെലവുകള്‍ വെളിപ്പെടുത്തണം: വിവരാവകാശ കമ്മീഷന്‍

Posted on: June 9, 2013 6:33 pm | Last updated: June 10, 2013 at 8:45 am
SHARE

abv

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് നല്‍കിയ ചികിത്സയുടെ ചെലവ് വെളിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 88കാരനായ വാജ്പയിയുടെ ചികിത്സക്കായി പൊതു ഖജനാവില്‍ നിന്ന് ചെലവിട്ട തുകയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ആര്‍ ടി ഐ അപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഈ വിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര ആരോഗ്യമന്ത്രാലയത്തോട് നിര്‍ദേശിച്ചത്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ മാറ്റിവെക്കുകയാണ് ആരോഗ്യമന്ത്രാലയം ചെയ്തതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു ശ്രമവും നടത്താതെ ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേക്കും തിരിച്ചും അപേക്ഷ തട്ടിക്കളിച്ച ആരോഗ്യമന്ത്രാലയത്തിന്റെ നടപടി അത്ഭുതമുളവാക്കുന്നതാണെന്നും സത്യാനന്ദ മിശ്ര നിരീക്ഷിച്ചു.
എവിടെയാണോ വിവരമുള്ളത് അവിടെ നിന്ന് ശേഖരിച്ച് മുറാദാബാദ് സ്വദേശിയായ ആര്‍ ടി ഐ അപേക്ഷകന് നല്‍കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു. പ്രധാനന്ത്രിയുടെ ഓഫീസിലായിരുന്നു ആദ്യം അപേക്ഷ നല്‍കിയിരുന്നത്. വിവിധ മന്ത്രാലയങ്ങള്‍ കയറിയിറങ്ങിയിട്ടും അപേക്ഷയില്‍ തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വി ഐ പികളുടെ ചികിത്സാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ മിശ്രക്ക് മുമ്പുള്ള കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ലയും പിന്തുണച്ചിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് തുക അനുവദിക്കുന്നത് എന്നതിനാല്‍ അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് വജാഹത്ത് ഹബീബുല്ല നിരീക്ഷിച്ചത്.
1996ല്‍ 13 ദിവസവും 1998-99 കാലത്ത് 13 മാസവും 1999-2004 വരെയുമാണ് വാജ്‌പേയി പ്രധാനമന്ത്രിപദത്തിലിരുന്നത്. കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടക്കമുള്ള നിരവധി ചികിത്സകള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു.