ആദ്യ ബൈത്തുറഹ്മ ഭവനം വാഹനാപകടത്തില്‍ മരണപ്പെട്ട സിജീഷിന്റെ കുടുംബത്തിന്

Posted on: June 9, 2013 8:40 am | Last updated: June 9, 2013 at 8:40 am
SHARE

എടപ്പാള്‍: ബി പി അങ്ങാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സയ്യിദ് ശിഹാബ് റിലീഫ് സെല്ലിന്റെ ബൈത്തു റഹ്മ പദ്ധതി പ്രകാരമുള്ള 101 കാരുണ്യ ഭവനങ്ങളില്‍ ആദ്യ ഭവനം വാഹനാപകടത്തില്‍ മരിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ സിജീഷിന്റെ കുടുംബത്തിന്. തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടേയും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെയും ശ്രമഫലമായാണ് റിലീഫ് സെല്‍ ആദ്യ ഭവനം സിജീഷിന്റെ നിര്‍ധന കുടുംബത്തിന് സമര്‍പ്പിക്കുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ സിജീഷിന്റെ മരണത്തോടെ വാടക വീട്ടില്‍ കഴിയുന്ന നിര്‍ധനരായ കുടുംബം എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുമ്പോഴാണ് വീട് വെക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്ത് പൊല്‍പ്പാക്കര സ്വദേശി പ്രഭോഷും വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി മുസ്‌ലിം ലീഗും രംഗത്തെത്തിയത്. ആറു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന 101 കാരുണ്യ ഭവന പദ്ധതി 2020 ഓടു കൂടി പൂര്‍ത്തീകരിക്കാനാണ് റിലീഫ് സെല്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എടപ്പാളിലെത്തിയ റിലീഫ് സെല്‍ ഭാരവാഹികള്‍ സിജീഷിന്റെ അച്ഛന്‍ രാജന് ധാരണാ പത്രം കൈമാറി. ചടങ്ങില്‍ റലീഫ് സെല്‍ ഭാരവാഹികളായ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി, എം കെ എം ബാവ, ഇ സാദിഖലി, കെ അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.