Connect with us

Malappuram

പിതാവ് മകനെ കുത്തിക്കൊന്ന സംഭവം: സഹോദരനും പിടിയില്‍

Published

|

Last Updated

വണ്ടൂര്‍: പിതാവ് മകനെ കുത്തിക്കൊന്ന സംഭവത്തില്‍ സഹോദരനെയും പോലീസ് പിടികൂടി.കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദിന്റെ മൂത്ത സഹോദരന്‍ മൊയ്തീനെയാണ് പോലീസ് പിടികൂടിയത്.കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് കുറ്റിയില്‍ ഓനിയില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.
കിടപ്പറയില്‍ പിതാവിന്റെ ആട്ടിന്‍കുട്ടികള്‍ കയറിയതിനെ ചൊല്ലിയുണ്ടായ കലഹത്തിനൊടുവില്‍ പിതാവ് പാങ്ങാടന്‍ ഖാദര്‍ മകനായ കുഞ്ഞിമുഹമ്മദിനെ കുത്തിക്കൊലപ്പൈടുത്തുകയായിരുന്നു.ഈ സമയം വീട്ടിലുണ്ടായിരുന്ന മൊയ്തീനും കുഞ്ഞിമുഹമ്മദിനെ മര്‍ദിക്കാന്‍ പിതാവിനോടൊപ്പം കൂട്ടുനിന്നതായി കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സലീന മൊഴി നല്‍കി. തറവാട്ട് വീട്ടിലായിരുന്നു ഖാദറും മകന്‍ കുഞ്ഞിമുഹമ്മദും താമസിച്ചിരുന്നത്.എന്നാല്‍ ഇടക്കിടെ പല കാര്യങ്ങളെചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടിയുരുന്നു.
മര്‍ദനത്തിന്റെ വക്കിലെത്തുമ്പോള്‍ അയല്‍പക്കത്തുള്ളവര്‍ ഓടിവന്നാണ് ഒഴിവാക്കിയിരുന്നത്.പല തവണ ഖാദറിന്റെ കയ്യില്‍ നിന്നും കത്തിപിടിച്ചുവാങ്ങിയ സംഭവങ്ങള്‍ വരെയുണ്ടായിരുന്നതായി പ്രദേശ്ത്തുകാര്‍ പറഞ്ഞു.
അതെസമയം കഴിഞ്ഞ ദിവസം രാത്രി മകനും പിതാവും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.ഉറങ്ങാന്‍ നേരം അടുത്തിടെ പ്രസവിച്ച ഖാദറിന്റെ ഒരു ആട്ടിന്‍കുട്ടി കുഞ്ഞിമുഹമ്മദിന്റെ മുറിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. ഇടക്കിടെയുള്ള പ്രശ്‌നമാണെന്ന് കരുതി അയല്‍പ്പക്കത്തുള്ളവരും വന്നില്ല. ഇതിനിടെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ മൊയ്തീനും വന്നതോടെ മര്‍ദനം അതിരുകടക്കുകയും ഖാദര്‍ അരയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. പുറത്തേറ്റ കുത്താണ് മരണകാരണം. കൂടാതെ തലയിലും കയ്യിലും മുറിവുകളുണ്ടായിരുന്നു. ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
വാണിയമ്പലം മത്സ്യമാര്‍ക്കറ്റക്കിലെ തൊഴിലാളിയായിരുന്നു കുഞ്ഞിമുഹമ്മദ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വാണിയമ്പലം പഴയജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. വണ്ടൂര്‍ സിഐ മൂസ വള്ളിക്കാടന്‍ ആണ് കേസ് അന്വേഷിക്കുന്നത്. തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

 

Latest