ജില്ലയില്‍ പുതിയ പത്ത് പ്രീകോച്ചിംഗ് കേന്ദ്രങ്ങള്‍: സിവില്‍ സര്‍വീസ് പരിശീലന മേഖലയില്‍ എസ് എസ് എഫിന്റെ കൈയൊപ്പ്

Posted on: June 9, 2013 8:34 am | Last updated: June 9, 2013 at 8:34 am
SHARE

മലപ്പുറം: സിവില്‍ സര്‍വീസ് മേഖലയിലേക്ക് ജില്ലയിലെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തുന്നതിന് ബഹുമുഖ പദ്ധതികളുമായി എസ് എസ് എഫ്. ഈ വര്‍ഷം ജില്ലയില്‍ പുതിയ പത്ത് പ്രീ കോച്ചിംഗ് സെന്ററുകളാണ് സംഘടനക്ക് കീഴില്‍ ആരംഭിക്കുന്നത്. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി യാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. പ്രീ കോച്ചിംഗ് സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം പ്രസ് ക്ലബ്ഹാളില്‍ സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു.
മഅ്ദിന്‍ അക്കാദമി മലപ്പുറം, ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ കൊണ്ടോട്ടി, തഅ്‌ലീം ഹയര്‍സെക്കന്‍ഡറി പരപ്പനങ്ങാടി, അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍, കദീജ ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി, നജാത്ത് ഹയര്‍ സെക്കണ്ടറി പെരുവള്ളൂര്‍, ഇസ്മത്ത് ഇംഗ്ലീഷ് സ്‌കൂള്‍ കാളാട്, മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ നിലമ്പൂര്‍, നിബ്രാസ് ഹയര്‍സെക്കണ്ടറി മൂന്നിയൂര്‍, കൊളത്തൂര്‍ ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയാണ് പുതിയ പ്രീകോച്ചിംഗ് സെന്ററുകള്‍. യു പി എസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് ജില്ലയിലെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരാണ് പ്രീകോച്ചിംഗ് സെന്ററിലെ പഠിതാക്കള്‍. അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. ഇരിങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയാണ് വിദ്യാര്‍ഥികളുടെ പ്രവേശനം, സിലബസ്, പരീക്ഷ, ഫലപ്രഖ്യാപനം, അധ്യാപക നിയമനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അക്കാദമിക്ക് കീഴില്‍ സിവില്‍ സര്‍വ്വീസ് രംഗത്തെ സമഗ്ര പരിശീലനം ലക്ഷ്യം വെച്ച് ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ ക്രാഷ് കോഴ്‌സ്, ഡിഗ്രിക്ക് പഠിച്ച്‌കൊണ്ടിരിക്കുന്നവര്‍ക്ക് അവധി ദിവസങ്ങളെ ഉപയോഗപ്പെടുത്തി മൂന്ന് വര്‍ഷ കോഴ്‌സ്, പ്ലസ് ടു കഴിഞ്ഞവര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം എന്നിവ നടത്തി വരുന്നുണ്ട്. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ എന്നീ ഘടകങ്ങളില്‍ എജ്യൂ വിഷന്‍, ഡ്രീം പാത്ത്, സിവില്‍ സര്‍വ്വീസ് സെമിനാര്‍, കരിയര്‍ വിഷന്‍ എന്നീ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് കോമണ്‍ എന്‍ഡ്രന്‍സ് ടെസ്റ്റ് (സി ഇ ടി) നടത്തിയാണ് അക്കാദമിയിലെ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഈ മാസം 18നകം ജില്ലയിലെ 10 കേന്ദ്രങ്ങളിലും ഉദ്ഘാടനങ്ങള്‍ നടക്കും. ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ശാഫി, എന്‍ എം സ്വാദിഖ് സഖാഫി, കെ സൈനുദ്ധീന്‍ സഖാഫി, പി പി മുജീബുറഹ്മാന്‍, സി കെ ശക്കീര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, എം അബ്ദുറഹ്മാന്‍, എം അബ്ദുര്‍റഹ്മാന്‍, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, ടി അബ്ദുന്നാസര്‍ സംബന്ധിച്ചു.