പോലീസില്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടികളറിയാന്‍ ടച്ച് സ്‌ക്രീന്‍

Posted on: June 9, 2013 8:15 am | Last updated: June 9, 2013 at 8:15 am
SHARE

കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി മടുത്തു എന്ന പല്ലവിക്ക് വിരാമമാകുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ അറിയാന്‍ ഇനി നീണ്ട കാത്തിരിപ്പ് വേണ്ട. കേരളാ പോലീസിന്റെ ടച്ച് സ്‌ക്രീന്‍ ഇതിന് പരിഹാരമാകുന്നു. പരാതിയുടെ നമ്പര്‍ ടച്ച് മോണിറ്ററില്‍ അടിച്ചാല്‍ മതി. പി എസ് സി ഫലം, വാട്ടര്‍ അതോറിറ്റി ബില്‍, സെക്രേട്ടറിയറ്റ്, ടൂറിസം, വിദ്യാഭ്യാസം, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എന്നിവ സംബന്ധിച്ച പരാതികളും വിവരങ്ങളും ആവശ്യക്കാര്‍ക്ക് മുന്നില്‍ ഈ സ്‌ക്രീനില്‍ തെളിയും. ജില്ലയില്‍ സിവില്‍ സ്റ്റേഷനിലും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലുമാണ് ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്നത്. ഈ സേവനം സൗജന്യമാണ്.
മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ കിയോസ്‌ക് സ്‌ക്രീനില്‍ വിരലമര്‍ത്തി മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ജനന-മരണ വിവരങ്ങള്‍ രേഖപ്പെടുത്താനും അറിയാനുമായി ആശുപത്രികളില്‍ സ്ഥാപിക്കുന്ന ടച്ച് സ്‌ക്രീന്‍ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനവുമായി പോലീസിന്റെ ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് ബന്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായി. സൗത്ത് അസി. കമ്മീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്‍, സൗത്ത് അസി. കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാം, ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പി എം പ്രദീപ്, കൗണ്‍സിലര്‍ സക്കറിയ പി ഹുസൈന്‍, കെ പി ഒ എ സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, കെ പി എ സെക്രട്ടറി ശശിധരന്‍ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി ജി സ്പര്‍ജന്‍ കുമാര്‍ സ്വാഗതവും കണ്‍ട്രോള്‍ റൂം എസ് ഐ ഭരതന്‍ നന്ദിയും പറഞ്ഞു.