നഗരസഭയിലെ കൂറുമാറ്റക്കേസ് 18ന് ഇലക്ഷന്‍ കമ്മീഷന്‍ വീണ്ടും പരിഗണിക്കും

Posted on: June 9, 2013 8:14 am | Last updated: June 9, 2013 at 8:14 am
SHARE

ഒറ്റപ്പാലം: നഗരസഭയിലെ കൂറുമാറ്റക്കേസില്‍ മുന്‍ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാന്‍ 18ന് ഇലക്ഷന്‍ കമ്മീഷന്‍ വീണ്ടും കേസ് പരിഗണിക്കും. ഗോപിനാഥിനുപുറമെ ഡി സി സി ഓഫീസ് സെക്രട്ടറി മോഹനന്‍, നഗരസഭാ സെക്രട്ടറി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുര്യന്‍, മുന്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഹുസ്സന്‍, സോഷ്യലിസ്റ്റ് ജനത മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ചന്ദ് എന്നിവരെക്കൂടി വിസ്തരിക്കണമെന്ന് ഒറ്റപ്പാലം നഗരസഭാ വൈസ്‌ചെയര്‍മാന്‍ എസ് ശെല്‍വന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിച്ച് കേസ് കഴിഞ്ഞ ബുധനാഴ്ച പരിഗണിച്ചിരുന്നു. ബുധനാഴ്ച പ്രവീണ്‍ ചന്ദ് ഒഴികെ മറ്റാരും ഹാജരാകാത്തതിനാല്‍ കമ്മീഷനെവെച്ച് മൊഴിയെടുക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഇതിന് മറുപടിനല്‍കാന്‍ വീണ്ടും കേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് ഇനി കേസെടുക്കുന്ന ദിവസം എ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ള എല്ലാവരെയും ഹാജരാക്കാമെന്ന് ശെല്‍വനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്.
ഇതേത്തുടര്‍ന്നാണ് 18ന് വീണ്ടും കേസ് പരിഗണിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പാറുക്കുട്ടി, വൈസ്‌ചെയര്‍മാന്‍ എസ് ശെല്‍വന്‍, കൗണ്‍സിലര്‍ കെ ബാബു എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും കൗണ്‍സിലറുമായ ജോസ് തോമസാണ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.—
റാണിജോസ് ചെയര്‍പേഴ്‌സനായിരുന്ന ഭരണസമിതിക്കെതിരെ സി പി എം കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ മൂന്ന്‌കോണ്‍ഗ്രസ് അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തതിനെത്തുടര്‍ന്ന് ‘ഭരണം യു ഡി എഫിന് നഷ്ടപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ജോസ് തോമസ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.—