Connect with us

Palakkad

മാധവരാജാ ക്ലബില്‍ ചൂതാട്ടം; 41 പേര്‍ പിടിയില്‍ ; 7.7 ലക്ഷം രൂപയും കണ്ടെടുത്തു

Published

|

Last Updated

പാലക്കാട്: നഗരത്തിലെ സമ്പന്നരുടെ ക്ലബില്‍ പോലീസ് റെയ്ഡ്. ചൂതാട്ടത്തിനിടെ നഗരത്തിലെ 41 ഉന്നതര്‍ പിടിയിലായി. ചൂതാട്ടത്തിനുപയോഗിച്ച 7,70,000 രൂപ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെ നഗരമധ്യത്തിലെ മാധവരാജാ ക്ലബില്‍നിന്നാണ് വന്‍ ചൂതാട്ടസംഘം പിടിയിലായത്. മാധവരാജാ ക്ലബില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന് ടൗണ്‍ സൗത്ത് സി ഐ ബി.സന്തോഷിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഈ സമയം പണം വെച്ചു ചീട്ടുകളി നടക്കുകയായിരുന്നു. ടോക്കണ്‍ സമ്പ്രദായത്തിലാണ് പണം വെച്ചു ചീട്ടുകളിച്ചിരുന്നത്. ഓരോ ടോക്കണിലും അടയാളപ്പെടുത്തിയിരിക്കുന്ന നമ്പരിന് അനുസരിച്ചാണ് എത്ര തുകയാണ് ചീട്ടുകളിയില്‍ വെക്കുകയെന്ന് നിശ്ചയിക്കുക.

ഓരോരുത്തരും തങ്ങള്‍ വെക്കാനുദ്ദേശിക്കുന്ന തുകക്കനുസരിച്ചുള്ള ടോക്കണ്‍ തെരഞ്ഞെടുക്കും. കളി തീരുമ്പോള്‍ ടോക്കണുകള്‍ കിട്ടിയയാള്‍ ഇതു പണമാക്കി മാറ്റി മടങ്ങുകയാണ് ചെയ്യുക. കളിക്കുപയോഗിച്ച ചീട്ടുകളുടെയും ടോക്കണുകളുടേയും വന്‍ശേഖരം പിടികൂടിയിട്ടുണ്ട്. അതേസമയം, സമ്പന്നകേന്ദ്രത്തില്‍ നടന്ന റെയ്ഡ് ക്ലബിലെത്തിയവരെ പ്രകോപിതരാക്കി. ക്ലബില്‍ റെയ്ഡ് നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞു. മനോരമ ന്യൂസ് സംഘത്തിന്റെ വാഹനം നഗരസഭാ കൗണ്‍സിലര്‍ കൂടിയായ സാജോ ജോണും സംഘവും ചേര്‍ന്ന് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വാഹനത്തിന്റെ താക്കോല്‍ ഊരിയ ശേഷം “വിഷ്വലുകളുമായി ഇവിടെ നിന്നു ജീവനോടെ നീയൊന്നും പോകില്ലെന്നായിരുന്നു ഭീഷണി. ഇതിനിടെ കാമറക്കു കേടുപാടുണ്ടാക്കാനും ശ്രമിച്ചു. ഏകദേശം അരമണിക്കുറിനു ശേഷം പോലീസെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചത്. പിടികൂടിയ 41 പേരെയും ജാമ്യത്തില്‍ വിട്ടു. പിടിയിലായ 7,70,000 രൂപ ഇന്ന് കോടതിയില്‍ ഹാജരാക്കും. ടൗണ്‍ സൗത്ത് സി ഐ ബി സന്തോഷ്, നോര്‍ത്ത് സി ഐ കെ എം ബിജു, സൗത്ത് എസ് ഐ കെ ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.