വരള്‍ച്ചാ ദുരിതാശ്വാസ സഹായം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നതായി പരാതി

Posted on: June 9, 2013 8:07 am | Last updated: June 9, 2013 at 8:07 am
SHARE

പാലക്കാട്: വരള്‍ച്ചാ ദുരിതാശ്വാസ സഹായങ്ങള്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസവും ഉത്തരവുകളിലെ വൈകല്യവും മൂലം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നതായി പരാതി. കടുത്ത വരള്‍ച്ചെയ തുടര്‍ന്ന് പാലക്കാട് ജില്ലയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ച് കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവും ഒരു മോറട്ടോറിയവും അനുവദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് പരാതി. സഹകരണ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്തവര്‍ക്ക് മാത്രമേ വലിയ ഇളവ് ലഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. എന്നാല്‍ നൂലാമാലകള്‍ കുറവും കാര്‍ഷിക വായ്പയായി മൂന്നുലക്ഷം രൂപ വരെ ലഭിക്കുന്നതുകൊണ്ടും വലിയൊരു വിഭാഗം കര്‍ഷകരും ദേശസാത്കൃത ബേങ്കുകളെയാണ് വായ്പയ്ക്കായി സമീപിക്കുന്നത്.—സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം ഈ കര്‍ഷകര്‍ക്കൊന്നും ആനുകൂല്യത്തിന് അര്‍ഹമായില്ല. പലിശ അടച്ച് ലോണ്‍ പുതുക്കിയവര്‍ക്കും പലിശയിളവിന്റെ ആനുകൂല്യം ലഭിക്കില്ലെന്നതാണ് ഉത്തരവുകളിലെ മറ്റൊരു ന്യൂനത. സര്‍വീസ് സഹകരണബേങ്കുകളില്‍ പലിശ അടച്ച് ലോണ്‍ പുതുക്കിക്കൊടുക്കുന്ന രീതി വര്‍ഷങ്ങളായുണ്ട്. —
സര്‍ക്കാരിന്റെ പുതിയ ഉത്തരവുമൂലം ഈ വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2013 ഓഗസ്റ്റ് 31നകം വായ്പ പുതുക്കുകയോ മടക്കിനല്‍കുകയോ ചെയ്യുന്ന എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശയിളവ് അനുവദിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും ഗീവര്‍ഗീസ് മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നു.