പട്ടാമ്പി താലൂക്ക് രൂപവത്കരണം: പതിനെട്ട് വില്ലേജുകള്‍ ഉള്‍പ്പെടുത്തും

Posted on: June 9, 2013 8:05 am | Last updated: June 9, 2013 at 8:05 am
SHARE

ഒറ്റപ്പാലം: പുതിയതായി രൂപീകരിക്കുന്ന പട്ടാമ്പി താലൂക്കില്‍ പതിനെട്ടു വില്ലേജുകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. പട്ടാമ്പി, തൃത്താല അസംബ്ലി മണ്ഡലങ്ങളില്‍നിന്നായി പതിനാറ് പഞ്ചായത്തുകളും താലൂക്കില്‍ ഉള്‍പ്പെടുത്തി ഭൂമിശാസ്ത്രപരമായ പരിധിയാണ് താലൂക്കിന് നിശ്ചയിച്ചിട്ടുള്ളത്. നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് റവന്യൂ അധികൃതര്‍ താലൂക്കിന്റെ അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളത്.—ഈ രൂപരേഖക്കാണ് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നത്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയോജകമണ്ഡലങ്ങളെ ഇപ്പോഴുള്ള മാതൃകയില്‍ തന്നെ നിലനിര്‍ത്തും. താലൂക്കിനായി വില്ലേജുകള്‍ തിരിച്ച് രണ്ട് രൂപരേഖകളാണ് റവന്യൂ അധികൃതര്‍ പരിഗണിച്ചിരുന്നത്.
ഫര്‍ക്ക അടിസ്ഥാനത്തിലും നിയോജകമണ്ഡലം അടിസ്ഥാനത്തിലും അതിര്‍ത്തി നിര്‍ണയിക്കുന്ന തരത്തിലുള്ളതായിരുന്നു ഇത്. രണ്ട് റിപ്പോര്‍ട്ടുകളും ഒറ്റപ്പാലം ആര്‍ഡിഒയാണ് കലക്ടര്‍ക്ക് കൈമാറിയത്.—
നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള രൂപരേഖയാണ് താലൂക്കിന് കൂടുതല്‍ അഭികാമ്യമെന്ന് ആര്‍ഡിഒ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്തിമ നടപടികള്‍ സ്വീകരിക്കുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാനും യോഗങ്ങള്‍ ചേരാനും സൗകര്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ആര്‍ ഡി ഒ റിപ്പോര്‍ട്ട് നല്‍കിയത്.
ഫര്‍ക്ക അടിസ്ഥാനത്തിലാകുമ്പോള്‍ നെല്ലായ വില്ലേജും പട്ടാമ്പി താലൂക്കിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുമായിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ 38,908.—1873 ഹെക്ടര്‍ വിസ്തൃതിയും 4,69,934 ജനസംഖ്യയുമാണ് പട്ടാമ്പി താലൂക്കിനുണ്ടാവുക. തൃത്താല, പട്ടാമ്പി നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് പട്ടാമ്പി താലൂക്ക് ഏറെ ഗുണകരമാകും.