കേരളത്തിലെ ആദ്യ ഇ എസ് ഐ മെഡിക്കല്‍ കോളജാശുപത്രി യാഥാര്‍ഥ്യമാകുന്നു

Posted on: June 9, 2013 6:00 am | Last updated: June 9, 2013 at 3:11 am
SHARE

ESI medical college- 2കൊല്ലം: കേരളത്തിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കല്‍ കോളജാശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ കോളജാശുപത്രിയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്.

മൊത്തം 600 കോടി രൂപ ചെലവിലാണ് ഇ എസ് ഐ മെഡിക്കല്‍ കോളജാശുപത്രി നിര്‍മിക്കുന്നത്. 300 കിടക്കകളോടുകൂടിയ ആശുപത്രിയുടെ നിര്‍മാണം ഈ വരുന്ന ആഗസ്റ്റില്‍ പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇ എസ് ഐ കോര്‍പറേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് മെഡിക്കല്‍ കോളജാശുപത്രി തുടങ്ങുന്നതിനാവശ്യമായ അപേക്ഷ സമര്‍പ്പിക്കും. 300 കിടക്കകളുള്ള ഇന്‍ പേഷ്യന്റ് വിഭാഗം തുടങ്ങണമെങ്കില്‍ ജലവിതരണ സംവിധാനവും വൈദ്യുതി കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് യഥാസമയം അപേക്ഷ നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജാശുപത്രിയിലേക്കുള്ള റോഡ് നിര്‍മാണവും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമായാല്‍ സപ്റ്റംബര്‍ മാസത്തോടെ ഇ എസ് ഐ കോര്‍പറേഷന്‍ മെഡിക്കല്‍ കൗണ്‍സിലിന് ആശുപത്രി തുടങ്ങാന്‍ അപേക്ഷ നല്‍കും. മെഡിക്കല്‍ കൗണ്‍സില്‍ മേധാവികളുടെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ 300 കിടക്കകളോടുകൂടിയ ആശുപത്രി പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ കോളജാശുപത്രിക്ക് 28 ബ്ലോക്കുകളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 18 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പ്രവര്‍ത്തിക്കുക. ഐ പി, ഒ പി വിഭാഗത്തിന് മൂന്ന് ബ്ലോക്കുകള്‍ വീതമാണ് ഏര്‍പ്പെടുത്തുക. കാഷ്വാലിറ്റിക്ക് ഒരു ബ്ലോക്കും സജ്ജീകരിക്കും. 100 കോടി രൂപ ചെലവില്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങളും ലഭ്യമാക്കും. മൊത്തം 600 കോടി രൂപയാണ് ചെലവ്. കെട്ടിടം ഇ എസ് ഐ കോര്‍പറേഷന് കൈമാറുന്നതോടെ ഒ പി, ഐ പി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലേക്കാവശ്യമായ യന്ത്രങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കും. കെട്ടിടം കൈമാറിക്കിട്ടുന്നതോടെ ഇവ സ്ഥാപിക്കും.

2014ലെ അക്കാദമിക്ക് വര്‍ഷാരംഭത്തില്‍ ഇ എസ് ഐ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കും. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്, എല്‍ എന്‍ ടി എന്നീ ഏജന്‍സികള്‍ക്കാണ് മെഡിക്കല്‍ കോളജാശുപത്രിയുടെ നിര്‍മാണ ചുമതല. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവിടെ ക്ലാസുകള്‍ തുടങ്ങും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അനുകൂല മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. പൂര്‍ണമായും ശീതീകരിച്ചതാണ് പാരിപ്പള്ളിയില്‍ യാഥാര്‍ഥ്യമാകുന്ന ഇ എസ് ഐ മെഡിക്കല്‍ കോളജാശുപത്രി. അത്യാധുനിക രീതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇവിടേക്കാവശ്യമായ സ്റ്റാഫിന്റെ റിക്രൂട്ട്‌മെന്റ് തുടങ്ങിക്കഴിഞ്ഞു. കെട്ടിട നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഇ എസ് ഐ മെഡിക്കല്‍ കമ്മീഷണര്‍ ഡോ. എസ് ആര്‍ ചൗഹാന്‍, ചീഫ് എന്‍ജീനിയര്‍ ഓംപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതോടൊപ്പം നിര്‍മാണം തുടങ്ങിയ ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലെ ഇ എസ് ഐ മെഡിക്കല്‍ കോളജാശുപത്രികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പുതുതായി ഒരു ഇ എസ് ഐ മെഡിക്കല്‍ കോളജ് കൂടി സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്.