Connect with us

Kerala

മത്സ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ജലകൃഷി നയം ഉടന്‍

Published

|

Last Updated

കണ്ണൂര്‍: സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് മത്സ്യോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാറിന്റെ ജലകൃഷി നയം ഉടന്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍ നിയോഗിച്ച മത്സ്യമേഖലയിലെ വിദഗ്ധനായ ഡോ. എം എന്‍ കുട്ടി ചെയര്‍മാനായ ജലകൃഷി നയരൂപവത്കരണ സമിതി ജനുവരി മാസത്തോടെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മാസത്തിനകം തന്നെ കേരളത്തിന്റെ സമഗ്ര ജലകൃഷി നയം അവതരിപ്പിക്കപ്പെടും. ഫിഷറീസ് സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം, കേരള സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരടക്കം 12 പേര്‍ നയരൂപവത്കരണ സമിതിയില്‍ അംഗങ്ങളായിരുന്നു.

വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, മത്സ്യകൃഷി മേഖലയിലെ വിദഗ്ധര്‍, മത്സ്യകര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കരടുനയത്തിന് സമിതി രൂപം നല്‍കിയത്. കരടുനയത്തെ ജലകൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കാലാകാലങ്ങളായി ജലകൃഷി രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നവര്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഇത് നല്ല നയമാണെന്നും കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി പുരുഷോത്തമന്‍ സിറാജിനോട് പറഞ്ഞു. നേരത്തെ സംഘടന നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിതല യോഗത്തില്‍ വെച്ചാണ് ജലകൃഷി നയത്തിന് വേണ്ടി കമ്മിറ്റി രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 65,000 ഹെക്ടറോളം ഓരുജല ഭൂമിയുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ജലകൃഷി നടക്കുന്നത് വെറും 1,000 ഹെക്ടര്‍ ഭൂമിയില്‍ മാത്രമാണ്. സര്‍ക്കാറിന്റെ കണക്ക് 2,000 ഹെക്ടറില്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ്. 33,000 അംഗീകൃത കര്‍ഷകരുണ്ടെന്ന് സര്‍ക്കാര്‍ കണക്കില്‍ പറയുന്നുണ്ടെങ്കിലും ജലകൃഷിയെ ജീവിതോപാധിയായി സ്വീകരിച്ചവര്‍ 2,000ത്തോളം പേര്‍ മാത്രമാണ്. ഇത് സമഗ്രമായ ജലകൃഷി നയമില്ലാത്തതിന്റെ ഫലമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2004ല്‍ കേരളത്തില്‍ ഫിഷറീസ് നയം നിലവില്‍ വന്നുവെങ്കിലും ജലകൃഷി നയം വരാന്‍ പത്ത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു.

മത്സ്യമേഖലയില്‍ ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, മോളികുലര്‍ ബയോളജി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് സര്‍ക്കാറിന് സമര്‍പ്പിച്ച കരട് നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. മത്സ്യപ്രിയരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ മത്സ്യ ഉപയോഗത്തില്‍ ഉയര്‍ന്ന സ്ഥാനമാണ് കേരളത്തിന്. പച്ചക്കറി പോലെ മത്സ്യത്തിനും കേരളം ആശ്രയിക്കുന്നത് തമിഴ്‌നാടടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മത്സ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവശ്യമായ നിര്‍ദേശങ്ങളാണ് കരടുനയത്തിലുള്ളത്. ഇതുവഴി ചെലവ് കുറഞ്ഞ മത്സ്യാഹാരം ലഭ്യമാക്കാമെന്നും കണക്കുകൂട്ടപ്പെടുന്നു.

fishഎല്ലാ ജലാശയങ്ങളിലും മത്സ്യം എന്ന ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന പ്രധാനപ്പെട്ട നിര്‍ദേശം കരടുനയത്തിലുണ്ട്. ഉത്തരവാദിത്വത്തോടെയുള്ളതും സുസ്ഥിരവുമായ മത്സ്യകൃഷി സാങ്കേതിക വിദ്യകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുക, അതിനൂതന മത്സ്യകൃഷി രീതികളുടെ പ്രയോഗം, മത്സ്യരോഗ നിര്‍ണയത്തിനും പരിപാലനത്തിനും മുഖ്യ പരിഗണന, ഗുണമേന്മയുള്ള മത്സ്യവിത്ത് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത, വിവിധയിനം മത്സ്യങ്ങള്‍ക്ക് അനുസരണമായ തീറ്റകള്‍ നിര്‍മിക്കുകയും അവ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുക, മത്സ്യവിത്ത് ഉത്പാദനത്തിലും പരിപാലനത്തിനും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക, പരിസ്ഥിതി സന്തുലിത സംയോജിത മത്സ്യകൃഷികള്‍ പ്രോത്സാഹിപ്പിക്കുക, ഫിഷറീസ്-അക്വാകള്‍ച്ചര്‍ തലങ്ങളിലെ പ്രവൃത്തികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സാങ്കേതിക വിഭാഗം ജീവനക്കാരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് കരടുനയത്തിന് രൂപംകൊടുത്തിട്ടുള്ളത്.

കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ചേര്‍ന്നുള്ള സംയോജിത മത്സ്യകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നയം ഊന്നല്‍ നല്‍കുന്നുണ്ട്. ജില്ലാതലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന നിര്‍ദേശം കരടുനയത്തിലുണ്ട്. മത്സ്യകൃഷി മേഖലയില്‍ ഇക്കോ സിസ്റ്റം അപ്രോച്ച് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
നൂതന കൃഷിരീതികള്‍ വ്യാപിപ്പിക്കണമെന്നും കരടുനയം നിര്‍ദേശിക്കുന്നു. ഇതിനായി എല്ലാ ജില്ലകളിലും ജില്ലാതല മാതൃകാ മത്സ്യകൃഷി ഫാമുകള്‍ ആരംഭിക്കണമെന്നും പൊതു ജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവകാശം മത്സ്യവകുപ്പില്‍ നിക്ഷിപ്തമാക്കണമെന്നും നിര്‍ദേശമുണ്ട്.