സൈബര്‍ സുരക്ഷ: അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായി

Posted on: June 9, 2013 6:02 am | Last updated: June 9, 2013 at 3:03 am
SHARE

cyber secutityവാഷിംഗ്ടണ്‍: സൈബര്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൈനയും അമേരിക്കയും തമ്മില്‍ ധാരണയായി. യു എസ് പ്രസിഡന്റ് ബരാക് ഒബമായും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. യു എസ് സൈനിക, പ്രതിരോധ രഹസ്യങ്ങള്‍ ചൈന ഹാക്ക് ചെയ്യുന്നുവെന്ന അമേരിക്കയുടെ ആരോപണം നിലനില്‍ക്കെയാണ് സൈബര്‍ സുരക്ഷയില്‍ ഇരുരാജ്യങ്ങളും ഒരുമിക്കാന്‍ തീരുമാനമായത്. കൂടാതെ വിദേശികളുടെയും സ്വദേശികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ യു എസ് സരുക്ഷാ ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ ഒബാമ തയ്യാറായിട്ടില്ല.

കാലിഫോര്‍ണിയയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ച ഇന്ന് അവസാനിക്കും. ഉത്തര കൊറിയയുടെ ആണവോര്‍ജ ഭീഷണി, സാമ്പത്തിക മേഖലയിലെ കൂട്ടായ്മ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ചൈനയുടെ സമാധാനപരമായ നീക്കം സ്വാഗതാര്‍ഹമാണെന്ന് ആദ്യദിനത്തെ ചര്‍ച്ചക്ക് ശേഷം ഒബാമ വ്യക്തമാക്കി. മാര്‍ച്ചില്‍ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജിന്‍പിംഗ് യു എസ് സന്ദര്‍ശനം നടത്തുന്നത്. അമേരിക്കയുമായിപുതിയ രീതിയിലുള്ള നയതന്ത്ര ബന്ധവും സഹകരണവും സ്ഥാപിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് ലോകത്തിന്റെ ആവശ്യമായിരിക്കകുയാണെന്നും ചര്‍ച്ചക്ക് ശേഷം ജിന്‍പിംഗ് വ്യക്തമാക്കി.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും ആരോഗ്യകരമായ മത്സരം നടക്കുമെന്നും അത് ലോകത്തിന്റെ വികസനത്തിനും പ്രത്യേകിച്ച് ഏഷ്യന്‍ മേഖലയുടെ വളര്‍ച്ചക്ക് സഹായകമാകുമെന്നും സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുമെന്നും ഒബാമ വ്യക്തമാക്കി.