Connect with us

International

സിംഗപ്പൂരില്‍ ബ്ലോഗര്‍മാരുടെ പ്രക്ഷോഭം

Published

|

Last Updated

സിംഗപ്പൂര്‍: വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലൈസന്‍സ് നിയമത്തിനെതിരെ സിംഗപ്പൂരില്‍ ബ്ലോഗര്‍മാരുടെ നേതൃത്വത്തില്‍ 1500ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ഫ്രീ മൈ ഇന്റര്‍നെറ്റ് എന്ന ബ്ലോഗര്‍മാരുടെ സംഘടനയാണ് സ്പീക്കേഴ്‌സ് കോര്‍ണര്‍ കേന്ദ്രീകരിച്ച് സമാധാനപരമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ തങ്ങളെ വിശ്വസിക്കണമെന്നും തങ്ങളോട് കുട്ടികളോട് എന്നപോലെ പെരുമാറരുതെന്നും സംഘടനയുടെ വക്താവും പൊളിറ്റിക്കല്‍ ന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകനുമായ ചൂ സെങ് സി പറഞ്ഞു.

മറ്റ് ലോകരാജ്യങ്ങള്‍ ഇന്റര്‍നെറ്റിനെതിരായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ സമ്പന്നരാജ്യമായ സിംഗപ്പൂര്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നത് സംഭ്രമജനകമാണെന്നും അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മാസത്തില്‍ അമ്പതിനായിരം സന്ദര്‍ശകരുള്ളതും ആഴ്ചയില്‍ ഒരു പ്രാദേശിക വര്‍ത്തയെങ്കിലും പ്രസിദ്ധീകരിക്കുന്നതുമായ വെബ്‌സൈറ്റുകള്‍ രണ്ട് മാസത്തിനുള്ളില്‍ വാര്‍ഷിക ലൈസന്‍സ് സമ്പാദിക്കണമെന്നാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം. ലൈസന്‍സ് ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ വംശീയവും മതപരവുമായ സൗഹാര്‍ദം അട്ടിമറിക്കുന്നത് പോലുള്ള നിരോധിത ഉള്ളടക്കമുള്ള ആര്‍ട്ടിക്കിളുകള്‍ സിംഗപ്പൂര്‍ മീഡിയ റെഗുലേറ്റര്‍, മീഡിയ ഡവലെപ്പ്‌മെന്റ് അതോറിറ്റി എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ 24മണിക്കൂറിനുള്ളില്‍ ഒഴിവാക്കണമെന്നും നിയമത്തിലുണ്ട്.