കാലിക്കറ്റ് ബിരുദപ്രവേശം: മലബാറിലെ വിദ്യാര്‍ഥികള്‍ പടിക്ക് പുറത്ത്

Posted on: June 9, 2013 2:55 am | Last updated: June 9, 2013 at 2:55 am
SHARE

28mpm-Calicut_Univ_1068510e (1)മലപ്പുറം: വിദ്യാഭ്യാസ നിലവാരം കുതിച്ചുയര്‍ന്നിട്ടും മലബാര്‍ മേഖലയോടുളള അവഗണനക്ക് ഇത്തവണയും മാറ്റമില്ല. ഓരോ വര്‍ഷവും ഇരട്ടിയിലധികം വിദ്യാര്‍ഥികളാണ് മലബാറില്‍ നിന്ന് ഉന്നത പഠനത്തിന് യോഗ്യത നേടുന്നത്. എന്നാല്‍ വിജയിക്കുന്നവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക് പോലും ഉപരിപഠനത്തിന് അവസരങ്ങളൊരുക്കാന്‍ സാധിച്ചിട്ടില്ല.

മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സ്ഥാപിച്ച കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ സീറ്റുകള്‍ എല്ലാം കൂടെ ഓരോ വര്‍ഷവും വിജയിച്ചെത്തുന്നവര്‍ക്ക് പ്രവേശം നേടാന്‍ പര്യാപ്തമാകുന്നില്ല. ഈ വര്‍ഷം സംസ്ഥാന സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയവരില്‍ 1,22, 928 വിദ്യാര്‍ഥികള്‍ അഞ്ച് ജില്ലകളില്‍ നിന്നായി വിജയിച്ചിട്ടുണ്ട്.

സി ബി എസ് ഇ വിദ്യാര്‍ഥികള്‍ കൂടിയാകുമ്പോള്‍ ബിരുദ പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തോളമാകും. സര്‍വകലാശാലക്കു കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ എച്ച് ആര്‍ ഡി കോളജുകള്‍ 87 എണ്ണവും അണ്‍എയ്ഡഡ് കോളജുകള്‍ 323 അടക്കം 410 കോളജുകളുമാണ് ആകെയുള്ളത്. ഇവയില്‍ മൊത്തം 33,000 സീറ്റുകളുണ്ടെങ്കിലും മെറിറ്റ് സീറ്റുകള്‍ നിലവില്‍ 16,825 ആണുള്ളത്. ബാക്കിയുള്ളവയില്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ട, ലക്ഷദ്വീപ് സംവരണത്തിലായിരിക്കും പ്രവേശനം നല്‍കുക.

ഈ സീറ്റുകള്‍ കൊണ്ട് ഇത്രയും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം നല്‍കാനാകില്ല. ഏകജാലക സംവിധാനം വഴിയാണ് സര്‍വകലാശാല ഇത്തവണ ബിരുദ പ്രവേശത്തിന് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകരുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞു. സര്‍വകലാശാല ചരിത്രത്തിലെ റെക്കോര്‍ഡാണിത്. ബിരുദ പഠനത്തിന് യോഗ്യതയുണ്ടായിട്ടും ഇത്തവണയും വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കേണ്ടി വരികയോ സമാന്തര സ്ഥാപനങ്ങളിലോ വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകളിലോ പ്രവേശം നേടുകയോ വേണ്ടി വരുമെന്ന് ഉറപ്പാണ്.

ആവശ്യമായ സീറ്റുകളില്ലാത്തതിനാല്‍ കോളജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാതെ ഓരോ വര്‍ഷവും മുപ്പതിനായിരത്തോളം കുട്ടികളെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ ആശ്രയിക്കുന്നുണ്ട്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ല. കൂടാതെ, കോളജുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന കോഴ്‌സുകളില്ലാത്തതിനാല്‍ താത്പര്യമില്ലാതെ പരമ്പരാഗതമായുള്ള കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കേണ്ട സാഹചര്യവും നിലവിലുണ്ട്. പുതിയ കോളജുകളും കോഴ്‌സുകളും അനുവദിക്കുകയും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുകയും ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു.
നാളെ അപേക്ഷ സ്വീകരിക്കുന്ന തീയതി അവസാനിക്കുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും. ഇതിന് ശേഷമായിരിക്കും സീറ്റുവര്‍ധന ആവശ്യമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക. അടുത്ത മാസം അഞ്ച് മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക.