മഴ കനത്തു; പലയിടത്തും കടലാക്രമണം രൂക്ഷം

Posted on: June 9, 2013 6:00 am | Last updated: June 9, 2013 at 2:54 am
SHARE

sea wave.തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്ത് വലിയ തുറയിലും കോഴിക്കോട് ബേപ്പൂരിലുമാണ് ഇന്നലെ ഉച്ചയോടെ ശക്തമായ കടലാക്രമണം ഉണ്ടായത്. മറ്റു തീരപ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാണ്. ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആളുകളെ സമീപത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ട് ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും ശക്തമായതോടെയാണ് കടലാക്രമണവും രൂക്ഷമായത്. കേരളത്തിലും ലക്ഷദ്വീപിലും പ്രധാന നഗരങ്ങളിലെല്ലാം സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴയിലാണ്. 118 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പുനലൂര്‍, കോട്ടയം, കൊച്ചി എയര്‍പോര്‍ട്ട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇന്നലെ നല്ല മഴയാണ് ലഭിച്ചത്. ജൂണ്‍ ഒന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 469 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ഇതുവരെ ലഭിച്ചത്. ആലപ്പുഴ, കോട്ടയം, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചിട്ടുണ്ട്.

ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടാണ്. 78 മില്ലീ മീറ്റര്‍ മഴയാണ് ഇതുവരെ ഇവിടെ ലഭിച്ചത്. പ്രധാന സ്ഥലങ്ങളിലെ മഴയുടെ തോത് ഇപ്രകാരമാണ്. ആലപ്പുഴ 12 സെ മി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം, വൈക്കം, കുമരകം എന്നിവിടങ്ങളില്‍ ഏഴ് സെ മി, വര്‍ക്കല ആറ് സെ മി, കോട്ടയം, ചേര്‍ത്തല, മാങ്കൊമ്പ്, ഹരിപ്പാട്, ആര്യങ്കാവ്, പുനലൂര്‍, അഞ്ച് സെ മി, തിരുവനന്തപുരം നഗരം, കൊച്ചി വിമാനത്താവളം, ആലുവ, പൊന്നാനി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നാല് സെ മീ മഴ ലഭിച്ചു. നാളെ രാവിലെ വരെ കേരളത്തിലെയും ലക്ഷദ്വീപിലേയും വിവിധ സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.