Connect with us

Kerala

മോണോ റെയില്‍: ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കും

Published

|

Last Updated

തിരുവനന്തപുരം: മോണോ റെയില്‍ പദ്ധതികളുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി ഡി എം ആര്‍ സിയും കേരള മോണോ റെയില്‍ കോര്‍പ്പറേഷനും തമ്മില്‍ ഒപ്പിടുന്ന ധാരണാപത്രത്തിന് ഈ മാസം 19ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും.

കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍ക്കു ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുന്നതിനാണ് കണ്‍സള്‍ട്ടന്‍സിയുമായി ധാരണാപത്രം ഒപ്പ് വെക്കുന്നത്. പദ്ധതി വൈകുന്നത് സര്‍ക്കാറിനു നഷ്ടമുണ്ടാക്കുമെന്ന് ഡി എം ആര്‍ സി  മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ വൈകിപ്പിക്കാതെ ഉടന്‍ നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധാരണാപത്രം ഒപ്പിട്ട് നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാമെന്നു ഡി എം ആര്‍ സി  ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്  നടപടിയുണ്ടാകണമെന്ന് കേരള മോണോ റെയില്‍ കോര്‍പ്പറേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം ആരംഭിച്ച സാഹചര്യത്തില്‍ മോണോറെയില്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുന്നതിനാണ് ധാരണാപത്രം അംഗീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. നേരത്തെ നിയമ, ധന വകുപ്പുകള്‍ കരാര്‍ ഒപ്പിടുന്നിതനുള്ള അനുമതി നല്‍കിയിരുന്നു. കണ്‍സള്‍ട്ടന്‍സി ഫീസിന്റെ 25 ശതമാനം ആദ്യം നല്‍കണമെന്നതാണ് ഡി എം ആര്‍ സിയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

ഈ സമ്മര്‍ദത്തിനു സര്‍ക്കാര്‍ വഴങ്ങിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഡി എം ആര്‍ സിക്കു 45 കോടി രൂപ നല്‍കേണ്ടി വരും. 180 കോടി രൂപയാണ് മോണോറെയിലിന്റെ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നതിന് ഡി എം ആര്‍ സിക്കു ആകെ നല്‍കേണ്ടത്. ബാക്കി തുക ഘട്ടം ഘട്ടമായി നല്‍കിയാല്‍ മതിയെന്ന് ഡി എം ആര്‍ സി അറിയിച്ചിട്ടുണ്ട്.

മോണോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം മൂന്ന് മാസം ഇടവിട്ട് എട്ട് കോടി രൂപവീതം ഡി എം ആര്‍ സിക്കു നല്‍കാമെന്നാണ് ഇപ്പോഴുള്ള വ്യവസ്ഥ. കള്‍സള്‍ട്ടന്‍സി ഫീസ് വര്‍ധിപ്പിക്കുന്നതിന് കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് ഡി എം ആര്‍ സി ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേതുടര്‍ന്നാണ് 45 കോടി രൂപ മുന്‍കൂറായി നല്‍കണമെന്ന ആവശ്യവുമായി ഡി എം ആര്‍ സി സര്‍ക്കാറിനെ സമീപിച്ചത്.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയിലേതു പോലെ ടേണ്‍ കീ സമ്പ്രദായത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാമെന്നാണ് ഡി എം ആര്‍ സി സര്‍ക്കാറിനെ അറിയിച്ചിരുന്നതെങ്കിലും ജനറല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡി എം ആര്‍ സി പിന്മാറിയത്.

കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികളുടെ വിശദമായ പദ്ധതി രേഖ ഡി എം ആര്‍ സി സമര്‍പ്പിച്ചത്. ഇതിനു ശേഷം കോഴിക്കോട് മോണോ റെയിലിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. എന്നാല്‍, തിരുവനന്തപുരം മോണോറെയിലിനു കഴിഞ്ഞ മാസമാണ് ഭരണാനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് ഡി എം ആര്‍ സിയുമായി ധാരണാപത്രം ഒപ്പ് വെക്കുന്ന വിഷയം കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാറിനെ അറിയിച്ചു.

ധനകാര്യ, നിയമ വകുപ്പുകളുടെ അനുമതി പദ്ധതിക്കു ലഭിക്കുന്നതിനു കാത്തിരിക്കുകയായിരുന്നു ഇതുവരെ. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന്റെ അവസാന ഘട്ടമായ മന്ത്രിസഭാ അംഗീകാരം കൂടി ലഭിച്ചാല്‍ ഡി എം ആര്‍ സിയും കേരള മോണോറെയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രം ഉടന്‍ ഒപ്പിടും. രണ്ട് പദ്ധതികള്‍ക്കും ഒപ്പം നിര്‍മാണാനുമതി നല്‍കിയാലും ആദ്യം നിര്‍മാണം തുടങ്ങുന്നത് കോഴിക്കോട് മോണോ റെയിലായിരിക്കും. കോഴിക്കോട്ട് പദ്ധതി തുടങ്ങി ഒരു മാസത്തിനകം തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് ഡി എം ആര്‍ സി വിലയിരുത്തുന്നത്.

 

Latest