നട്ടെല്ല് വേണം

Posted on: June 9, 2013 6:00 am | Last updated: June 9, 2013 at 2:45 am
SHARE

SIRAJ.......ആംവെ ഇന്ത്യ ചെയര്‍മാനും ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമേരിക്കക്കാരന്‍ വില്യം സ്‌കോട്ട് പിങ്ക്‌നിയേയും രണ്ട് ഡയറക്ടര്‍മാരേയും കേരളാ പോലീസ് അറസ്റ്റ് ചെയ്തത് പലരേയും ഞെട്ടിച്ചു. ചിലര്‍ക്ക് വിറയല്‍ ബാധിച്ച് കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു. നേരിട്ടുള്ള വിദേശനിക്ഷേപം (എഫ് ഡി ഐ) ഇന്ത്യയിലേക്ക് ഒഴുക്കാന്‍ പാടുപെടുന്ന ഭരണ സിരാ കേന്ദ്രത്തിലെ പ്രമാണിമാരാകട്ടെ, ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ചുവന്ന പരവതാനി വിരിച്ചത് വൃഥാവിലാകുമോ എന്ന് ഉള്‍ക്കിടിലത്തോടെ ആശങ്കപ്പെടുന്നു. കുടുംബം പോറ്റാന്‍ രാജ്യത്ത് ചെറുകിട കച്ചവടം ചെയ്യുന്ന ലക്ഷോപലക്ഷം വരുന്ന പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണിട്ടാണ് യു പി എ സര്‍ക്കാര്‍ എഫ് ഡി ഐക്ക് വാതില്‍ തുറന്നിട്ടത്. അതിനിടയില്‍ ആംവെയെന്ന അന്താരാഷ്ട്ര നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ ഇന്ത്യയിലെ മേധാവികളെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കോഴിക്കോട്ടും വയനാട്ടിലുമായി നിലവിലുള്ള നാല് തട്ടിപ്പ് കേസുകളാണ് അറസ്റ്റിന് ഹേതു. ചട്ടവിരുദ്ധമായി കേരളത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നടത്തി സാമ്പത്തിക ക്രമക്കേടുകള്‍ വരുത്തിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റാരോപണം.
മേല്‍പറഞ്ഞ കുറ്റങ്ങള്‍ അറസ്റ്റിന് മതിയായ കാരണമാണെന്ന് ആരും സമ്മതിക്കും. ഇത്തരം ഇടപാടുകളിലൂടെ ജനങ്ങളെ വഞ്ചിച്ച നിരവധി കമ്പനികള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ട്. മാക്‌സ് ഇന്‍ഷ്വറന്‍സ്, തമിഴ്‌നാട്ടിലെ റോയല്‍ സുന്ദരം എന്നീ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് ഇടപാടിലൂടെ ആയിരക്കണക്കിനാളുകളെ വഞ്ചിച്ചു എന്ന കേസും ആംവെക്കെതിരെയുണ്ട്. 2012 നവംബറില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ആംവെ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ടരക്കോടിയുടെ ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. കമ്പനിയുടെ കേരളത്തിലെ മേധാവിയായ ചെന്നൈ സ്വദേശി രാജ്കുമാര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍, അന്നൊന്നും തോന്നാത്ത കുറ്റബോധവും ആശങ്കയുമാണ് അമേരിക്കന്‍ സായ്പ് അറസ്റ്റിലായപ്പോള്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളെ നയിക്കുന്ന നാടന്‍ സായിപ്പുമാര്‍ക്ക് ഉണ്ടായിരിക്കുന്നത്. പിങ്ക്‌നിയുടെ അറസ്റ്റിനെ കേന്ദ്ര കമ്പനികാര്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്കും വിമര്‍ശിക്കാനാകാതെ വന്നു. ഏതായാലും സംഭവം വലിയ വിവാദമായി.
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരുന്നുവെന്നത് ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലൈസന്‍സാണോ?. ആംവെയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് 2007ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പിരമിഡ് രീതിയിലുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സമ്പ്രദായമാണ് ആംവെ ഇന്ത്യയില്‍ തുടരുന്നത്. ഈ വിപണന സമ്പ്രദായത്തെ 2008ല്‍ ഒരു കേസില്‍ സുപ്രീംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ കട്ടവന്‍ ‘വിശുദ്ധനും’ കളവ് പിടിച്ചവന്‍ അപരാധിയുമാകുമോ?. ബിസിനസ് കാര്യങ്ങള്‍ തന്നിഷ്ടപ്രകാരം നടത്താന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ?.
ഏതൊരു രാജ്യവും ബഹുരാഷ്ട്ര വ്യാപാര ബന്ധങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ആഗ്രഹിക്കുക. അങ്ങനെയാണ് പതിവും. ചൈനയിലെ അനുഭവംതന്നെ എടുക്കാം. 1995ല്‍ ആംവെ ചൈനീസ് വിപണികളില്‍ എത്തിയത് മുതല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രീതിയാണ് അനുവര്‍ത്തിച്ചത്. നമ്മുടെ നാട്ടിലെന്നപോലെ പാശ്ചാത്യ ഉത്പന്നങ്ങളോടുള്ള ചൈനക്കാരുടെ അമിതാവേശം ആംവെ ചൂഷണം ചെയ്യുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഇത്തരം വിപണനരീതി ചൈന നിരോധിച്ചു. 1998ല്‍ ആംവെ ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി. ചൈനയുടെ ഭാഗത്തുനിന്ന് ഇത്രയും കടുത്ത നടപടി കമ്പനി പ്രതീക്ഷിച്ചിരുന്നില്ല. ചൈന ഒട്ടും അയയുന്നില്ലെന്ന് കണ്ടപ്പോള്‍ വിപണന രീതി മാറ്റാന്‍ ആംവെ സന്നദ്ധമായി. അവര്‍ ചൈനയില്‍ ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിച്ചു. ചൂഷണത്തിന് നിയന്ത്രണം വന്നു എന്ന് സാരം. 2005ല്‍ ആംവെക്ക് നേരിട്ടുള്ള വിപണനത്തിന് ചൈന ലൈസന്‍സ് നല്‍കുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ച വിപണിയായ ചൈനയെ കൈവിടാന്‍ കമ്പനിക്കാകുമായിരുന്നില്ലെന്ന് സാരം.
ഇന്ത്യയുടെ കരുത്തും, രാജ്യത്തിന്റെ വിപണിസാധ്യതകള്‍ തന്നെയാണ്. വാള്‍മാര്‍ട്ടിനെ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നത് വെറുതെയല്ല. കച്ചവടത്തിന് വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാരുടെ തന്ത്രം നമുക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. അന്ന് തമ്മില്‍ തല്ലിയിരുന്ന നാട്ടുരാജ്യ ഭരണാധികാരികളാണ് അധിനിവേശ ശക്തികള്‍ക്ക് അവസരമൊരുക്കിയത്. ഇന്ന് നാം കൂടുതല്‍ കരുത്തരായിരിക്കുന്നു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എഫ് ഡി ഐ. എങ്കില്‍ ആ മൂക്ക് നമുക്ക് വേണ്ടെന്ന് പറയാന്‍ സമയമായിരിക്കുന്നു. ഇന്ത്യയെ വിറപ്പിക്കാന്‍ ശ്രമിക്കുന്ന ആംവെയെ നമ്മുടെ കരുത്ത് ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നട്ടെല്ല് കാണിക്കുകയാണ് വേണ്ടത്.