Connect with us

National

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായി ബഹിഷ്‌കരിക്കുകയെന്ന മുന്‍ നയത്തില്‍ നിന്ന് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ പിന്‍വാങ്ങുന്നു. പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് ആശയങ്ങളോട് പ്രതിപത്തിയുള്ളവരെ മത്സരിപ്പിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ ഭരണകൂടങ്ങളിലെ നയ രൂപവത്കരണത്തില്‍ സ്വാധീനം ചെലുത്താനാകും വിധം തങ്ങളുടെ ആളുകളെ ഭരണസമിതികളില്‍ എത്തിക്കാനാണ് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് ഇവരെ രംഗത്തിറക്കുക. ഒരു കാലത്ത് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരും എന്നാല്‍ അടുത്ത കാലത്ത് പ്രത്യക്ഷത്തില്‍ അവരുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവരുമായ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് നീക്കമെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് മിഡ്‌നാപ്പൂരിലെ നയാഗ്രാം, ഗോപിഭല്ലവ്പൂര്‍, ഝാഗ്രാം, ജംബോനി, ബിന്‍പൂര്‍ തുടങ്ങി എട്ട് ബ്ലോക്കുകളില്‍ മാവോയിസ്റ്റ് സഹയാത്രികര്‍ മത്സരിക്കുമെന്നാണ് വിവരം. പുരുലിയയില്‍ ഝാല്‍ദാ ഒന്ന്, ഝാല്‍ദാ രണ്ട്, ജോയ്പൂര്‍, രഘുനാഥ്പൂര്‍ ഒന്ന് എന്നീ ബ്ലോക്കുകളിലും സ്വതന്ത്രരെ നിര്‍ത്തും. ബാങ്കുരയിലെ ആറ് ബ്ലോക്കുകളിലും മാവോയിസ്റ്റ് സഹയാത്രികരെ രംഗത്തിറക്കാന്‍ സാധ്യതയുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. വെസ്റ്റ് മിഡ്‌നാപൂര്‍, പുരുലിയ, ബാങ്കുര ജില്ലകളില്‍ ഇതിനകം തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ഒഴുക്കാണ്. മിഡ്‌നാപൂരില്‍ 1944 പഞ്ചായത്ത് സമിതികളിലേക്കായി ഇതിനകം തന്നെ 681 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പുരിലിയയില്‍ ഇത് 498 ആണ്. ബാങ്കുരയില്‍ 137 സ്വതന്ത്ര നാമനിര്‍ദേശ പത്രികകളും ലഭിച്ചിട്ടുണ്ട്. ഇവയില്‍ മാവോയിസ്റ്റ് സഹയാത്രികര്‍ ഉണ്ടോയെന്ന് വ്യക്തമല്ല. പോലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയ കമ്മിറ്റി പോലുള്ളവയുടെ ബാനറുകള്‍ വരെ ഉപേക്ഷിച്ച് തികച്ചും സ്വതന്ത്രരായാണ് മാവോയിസ്റ്റുകള്‍ സ്ഥാനാര്‍ഥികളെ ഇറക്കുന്നത്. വ്യക്തികളുടെ സ്വീകാര്യത തന്നെയാണ് ആയുധമാക്കാന്‍ പോകുന്നത്.

മാവോയിസ്റ്റുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാമൂഹിക പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നത് ഇവയാണെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ജില്ലാ പരിഷത്തുകളിലേക്ക് മത്സരിക്കാന്‍ ഇവര്‍ക്ക് തീരെ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് സഹയാത്രികര്‍ മത്സരിക്കാന്‍ പോകുന്നുവെന്ന് ഒരു മാസം മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഝാര്‍ഗ്രാം പോലീസ് സൂപ്രണ്ട് സുമിത് കുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായി ശേഖരിക്കുമെന്നും മാവോയിസ്റ്റ് പശ്ചാത്തലമുള്ളവരെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Latest